കൊണ്ടോട്ടി നഗരസഭ അധ്യക്ഷസ്ഥാനം പങ്കിടല്‍; മുന്നണി നേതൃത്വത്തിന് വഴങ്ങി കോണ്‍ഗ്രസ്
text_fieldsകൊണ്ടോട്ടി: നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ഉപാധ്യക്ഷ സ്ഥാനവും ആരോഗ്യ സ്ഥിരംസമിതി സ്ഥാനവും രാജിവെക്കുമെന്ന തീരുമാനം കോണ്‍ഗ്രസ് നഗരസഭ സമിതി മുന്നണി ജില്ല നേതൃത്വത്തിന്റെ തീരുമാനത്തിനുവിട്ടു. മലപ്പുറത്ത് ചേര്‍ന്ന് ജില്ല കമ്മിറ്റി യോഗത്തില്‍ വിഷയത്തില്‍ സാവകാശം വേണമെന്ന ആവശ്യം കൊണ്ടോട്ടിയില്‍ നടന്ന മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം അംഗീകരിക്കുകയായിരുന്നു. നാല് ദിവസത്തിനകം പ്രശ്നപരിഹാരമില്ലെങ്കില് മുന്നണി സംവിധാനത്തില്‍ തുടരാനാകില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ ധാരണപ്രകാരം നഗരസഭാധ്യക്ഷ സ്ഥാനം അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനം നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിലവിലെ ഉപാധ്യക്ഷ സ്ഥാനവും ആരോഗ്യ സ്ഥിരംസമിതി സ്ഥാനവും രാജിവെക്കണമെന്ന തീരുമാനത്തിന് വ്യാഴാഴ്ച കൊണ്ടോട്ടിയില്‍ ചേര്‍ന്ന മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം അംഗീകാരം നൽകിയിരുന്നു.
വെള്ളിയാഴ്ച ഉപാധ്യക്ഷന്‍ പി. സനൂപും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കലും രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറാനിരിക്കെയാണ് വിഷയത്തില്‍ സാവകാശം ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല നേതൃത്വം രംഗത്ത് വന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ മുന്നണി സംവിധാനത്തിന് കോട്ടമേല്ക്കുന്ന നയം സ്വീകരിക്കേണ്ടെന്ന ധാരണയിലെത്തുകയും വിഷയത്തില്‍ നാല് ദിവസത്തെ സമയ പരിധി നല്‍കാമെന്നും തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച മലപ്പുറത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല പ്രസിഡന്റ് വി.എസ്. ജോയ്, നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്മാന് കെ.കെ. ആലിബാപ്പു, ടി.വി. ഇബ്രാഹിം എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ തീരുമാനമാണ് കൊണ്ടോട്ടി പ്രാദേശിക ഘടകത്തെ അറിയിച്ചത്. മുന്നണി ചെയര്മാന് കെ.കെ. ആലിബാപ്പു, നിലവിലെ നഗരസഭ വൈസ് ചെയര്മാന് പി. സനൂപ്, സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കല്‍, ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീര്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ദാവൂദ് കുന്നംപള്ളി, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ കൊണ്ടോട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു.
നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് കൊണ്ടോട്ടിയില്‍ യു.ഡി.എഫ് ധാരണയില്ലെന്നാണ് മുസ്ലിം ലീഗ് നഗരസഭ സമിതിയുടെ വിശദീകരണം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാകുമ്പോള്‍ കൊണ്ടോട്ടിയില്‍ മുന്നണി ബന്ധം ശിഥിലമാകുന്നത് ഗൗരവമായാണ് ജില്ലനേതൃത്വം കാണുന്നത്.
വിഷയത്തില്‍ ലീഗിന്റെ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
തര്‍ക്കം മുതലാക്കാൻ എൽ.ഡി.എഫ്
കൊണ്ടോട്ടി: യു.ഡി.എഫ് മുന്നണി ബന്ധത്തിലെ വിള്ളല്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കൊണ്ടോട്ടിയിലെ ഇടത് പാളയത്തില്‍ ശ്രമം ഊർജിതം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടതു യുവജന സംഘടകള്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.
നഗരസഭ രൂപവത്കരണസമയം ഇടഞ്ഞ ലീഗും കോൺഗ്രസും വേറിട്ടായിരുന്നു 2015ലെ ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇടതു മുന്നണിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍. ആദ്യ ഭരണസമിതിയില്‍ ഇടതുമുന്നണിക്കൊപ്പം സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു. പിന്നീട് 2017-ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും യോജിച്ച് യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിച്ചത്. സാമ്പാര്‍ മുന്നണിയെ മാറ്റി യു.ഡി.എഫ് ഭരണം പിടിച്ചപ്പോഴും തുടക്കത്തില്‍ കോണ്‍ഗ്രസിനാണ് ചെയര്മാന് സ്ഥാനം നല്‍കിയിരുന്നത്. മുസ്ലിം ലീഗിന് 23 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരുമാണ് നിലവിലെ ഭരണസമിതിയിലുള്ളത്.
അധികാര സ്ഥാനം സംബന്ധിച്ച് ലീഗില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കം രാഷ്ട്രീയ ആയുധമാക്കി ഇടതുമുന്നണി രംഗത്തെത്തുമ്പോഴാണ് യു.ഡി.എഫിലും വിള്ളല്‍ രൂപപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.