നെടിയിരുപ്പിലെ ഷിഗല്ല ബാധ: ആശങ്കയകലുന്നു
text_fieldsകൊണ്ടോട്ടി: ഷിഗല്ല ബാധ സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ് മേഖലയില്‍ ആശങ്കയൊഴിയുന്നു. രോഗം ബാധിച്ച മൂന്നുപേരും സുഖം പ്രാപിച്ചു. നേരത്തെ വീട്ടിലേക്ക് മടങ്ങിയവര്‍ക്കു പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന പത്ത് വയസ്സുള്ള വിദ്യാര്‍ഥിയും ബുധനാഴ്ച വീട്ടിലേക്ക് മടങ്ങും. മേഖലയില്‍ ഇതുവരെ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫിസറുടെ നിർദേശ പ്രകാരം ടെക്നിക്കല്‍ അസിസ്റ്റന്റ് പി. പ്രകാശ് പ്രത്യേക പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. രോഗബാധിതരുടെ വീടും പരിസരവുമെല്ലാം പരിശോധിച്ചായിരുന്നു വിവര ശേഖരണം. രോഗബാധക്കുള്ള കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമമാണ് നിലവില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തുടരുന്നത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാംപിളുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ധസംഘം ശേഖരിച്ച വെള്ളത്തിന്റെ സാംപിളിന്റെ പരിശോധന ഫലം വ്യാഴാഴ്ച പുറത്തു വരും. കുടിവെള്ളത്തില്‍ മലം കലര്‍ന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച വെള്ളവും ഭക്ഷണവും കോഴിക്കോട്ടാണ് പരിശോധന നടത്തുന്നത്.പ്രതിരോധ പ്രവര്‍ത്തന ഭാഗമായി പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുന്നുണ്ട്. നാലുഘട്ട ക്ലോറിനേഷനില്‍ രണ്ടുഘട്ടം പൂര്‍ത്തിയായി. അടുത്ത ദിവസങ്ങളില്‍ വീണ്ടും ക്ലോറിനേഷന്‍ നടത്തും.
ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം വീടുകള്‍ സന്ദര്‍ശിച്ചുള്ള ആരോഗ്യ വിവരങ്ങളും ശേഖരിച്ചു വിശകലനം ചെയ്യും. വിവിധ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നടപടികളുമായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും കൊണ്ടോട്ടിയിലും സമീപ പ്രദേശങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.