സർ/മാഡം' വിളിയില്ല; നല്ല മാതൃക ഏറ്റെടുത്ത് ചെറുകാവ് പഞ്ചായത്തും
text_fields'കൊണ്ടോട്ടി: പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിൽനിന്നുള്ള നല്ല മാതൃക ഏറ്റെടുത്ത് ചെറുകാവ് പഞ്ചായത്തും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ 'സർ/മാഡം' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചെറുകാവ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾക്കുള്ള കത്തിടപാടുകളിൽ 'സർ, മാഡം' അഭിസംബോധനയും 'അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു' എന്നീ പദങ്ങളും ഒഴിവാക്കാനാണ് ഭരണസമിതി യോഗം തീരുമാനമെടുത്തത്. 'അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു' എന്നീ പദങ്ങൾക്ക് പകരം 'അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു' എന്നിവയാണ് ഉപയോഗിക്കേണ്ടത്.
ഇതോടെ പഴയ അഭിസംബോധന ശൈലി ചെറുകാവിൽ പഴങ്കഥയായി മാറി. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗമാണ് 'സർ, മാഡം' വിളിയെന്നും സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിടുന്ന ഈകാലത്ത് ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് പുനഃപരിശോധിക്കപ്പെടേണ്ടതാണ് എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് പ്രസിഡൻറ് പി.കെ. അബ്ദുല്ല കോയ പറഞ്ഞു.
ചെറുകാവ് പഞ്ചായത്ത് ഓഫിസിലെത്തുന്ന ഏതൊരു പൗരനും പ്രസിഡൻറ് ഉൾപ്പെടയുള്ള ഭരണസമിതിയെയോ ജീവനക്കാരെയോ ഇനി 'സർ' വിളിക്കേണ്ടതില്ലെന്നും പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗിക ഭാഷ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡൻറ് കൊണ്ടുവന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.