അഞ്ചാം പനി; ജില്ലയില്‍ നിരീക്ഷണത്തില്‍ 106 പേര്
text_fieldsകൊണ്ടോട്ടി: അഞ്ചാം പനി പടരുന്നത് ആശങ്കയായിരിക്കെ ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത് 106 കുട്ടികള്‍. ഇതില്‍ 22 പേര്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സമാനമായ ലക്ഷണങ്ങളോടെയാണ് ചികിത്സയിലുള്ളത്. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം നഗരസഭ, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. കല്പകഞ്ചേരിയില് 44 കുട്ടികളും മലപ്പുറം നഗരസഭ പരിധിയില്‍ 13 പേരും പൂക്കോട്ടൂരില്‍ 12 പേരുമാണ് ചികിത്സ തേടിയത്.
രോഗബാധ കണ്ടെത്തിയ കുട്ടികളാരും അഞ്ചാം പനിക്കെതിരായ കുത്തിവെപ്പെടുത്തവരല്ല. സമ്പര്‍ക്കത്തിലൂടെ പെട്ടെന്ന് പകരാന്‍ സാധ്യതയുള്ള അഞ്ചാം പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം കാരണം കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ന്യുമോണിയ, തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയവയാണ് തുടര്‍ന്ന് കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍.
രോഗബാധയുണ്ടായി അഞ്ച് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങളുണ്ടാകുക. അഞ്ച് ദിവസം നീളുന്ന പനി, ഇതില്‍ രണ്ട് ദിവസം കടുത്ത പനി, ചെവിയില്‍ പഴുപ്പ് വരല്, കണ്ണില്‍ ചുവപ്പ് നിറം പടരല്‍, ദേഹത്ത് ചെറിയ തിണര്പ്പുകളുണ്ടാകല് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ പറഞ്ഞയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അവസരമുണ്ടാക്കുകയോ ചെയ്യാതെ ചികിത്സ തേടണം.
വാക്സിനെടുക്കല്‍ മാത്രമാണ് രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗം. ജനിച്ച് ഒമ്പതാം മാസത്തിലും ഒന്നര വയസ്സിലുമാണ് അഞ്ചാം പനിക്കെതിരായ വാക്സിന് നല്‍കേണ്ടത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഇതിനൊപ്പം രക്ഷിതാക്കള്‍ക്കായുള്ള ബോധവത്കരണവും നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.