കൊണ്ടോട്ടിയിൽ ഓട്ടോകൾക്ക് ഹാൾട്ടിങ് സ്ഥലം അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsമലപ്പുറം: കൊണ്ടോട്ടി ടൗണിൽ ഓട്ടോകൾക്ക് പുതിയ ഹാൾട്ടിങ് കേന്ദ്രങ്ങൾ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. കൊണ്ടോട്ടി നഗരസഭ അധികൃതരും ആർ.ടി.ഒയും സംയുക്തമായി നടപടി സ്വീകരിച്ച് പുതിയ ഓട്ടോപെർമിറ്റ് അനുവദിക്കുന്നതിനുള്ള നിർദേശങ്ങൾ മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സമർപ്പിക്കണമെന്നും കമീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്വീകരിച്ച നടപടി മൂന്നു മാസത്തിനകം കമീഷനെ അറിയിക്കണം. പുതിയ ഹാൾട്ടിങ് കേന്ദ്രങ്ങൾ കണ്ടെത്തിയാൽ മാത്രമേ പെർമിറ്റ് നൽകുകയുള്ളൂ. എസ്.സി വിഭാഗകാർക്ക് വായ്പ അനുവദിച്ച് നൽകുന്ന പദ്ധതിപ്രകാരം ഓട്ടോറിക്ഷ ലഭിച്ച കൊണ്ടോട്ടി സ്വദേശി വാസുദേവൻ ചുണ്ടക്കാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കൊണ്ടോട്ടി നഗരസഭയിൽ 2004 ഏപ്രിൽ ഒന്നിന് ശേഷം ഓട്ടോ പെർമിറ്റ് അനുവദിക്കുന്നത് തടഞ്ഞിരിക്കുകയാണെന്ന് കൊണ്ടോട്ടി ജോയന്റ് ആർ.ടി.ഒ കമീഷനെ അറിയിച്ചു.
നഗരത്തിലെ തിരക്ക് കാരണമാണിത്. എന്നാൽ പരാതിക്കാരന് കൊണ്ടോട്ടി നഗരസഭയിലും ജില്ലയിലും വാഹനം ഓടിക്കുന്നതിന് അനുമതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊണ്ടോട്ടി ഒഴികെ മറ്റെവിടെയെങ്കിലും ഹാൾട്ടിങ് പെർമിറ്റ് ചോദിച്ചാൽ നൽകാമെന്നും റിപ്പോർട്ടിലുണ്ട്. പുതിയ ഹാൾട്ടിങ് കേന്ദ്രങ്ങൾ കണ്ടെത്തി പരാതിക്കാരൻ ഉൾപ്പെടെയുള്ള അപേക്ഷകർക്ക് പുതിയ പെർമിറ്റ് അനുവദിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.