തെരുവുനായ്ക്കളേറുന്നു; കൊണ്ടോട്ടിക്കാർ ആശങ്കയിൽ
text_fields39 തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്
നല്‍കി
കൊണ്ടോട്ടി: നഗരപ്രാന്തങ്ങളില്‍ തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കൊണ്ടോട്ടി നഗരസഭ മേഖലയില്‍ ജനജീവിതത്തിന് കടുത്ത വെല്ലുവിളിയാകുന്നു. പേ വിഷബാധയേറ്റ തെരുവുനായ ഒമ്പതുപേരെ കടിച്ചതിനെ തുടര്‍ന്ന് നഗരസഭ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ റോഡുകളിലെ നായ്ക്കളുടെ ഭീഷണി ചെറുതല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 39 തെരുവുനായ്ക്കള്‍ക്കാണ് ടി.ഡി.ആര്‍.എഫ് വളന്റിയര്‍മാരുടേയും മൃഗ സംരക്ഷണ വകുപ്പ്, നഗരസഭ വിഭാഗങ്ങളുടേയും ആഭിമുഖ്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.
നഗര മധ്യത്തില്‍ നായ്ക്കൾ കുറവാണെങ്കിലും ഉള്‍നാടന്‍ മേഖലയില്‍ കടുത്ത ശല്യമാണുള്ളതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തെരുവുനായ് ആക്രമണമുണ്ടായ കുമ്മിണിപ്പാറ, മേലങ്ങാടി ഭാഗങ്ങളില്‍ നിന്നാണ് പ്രതിരോധ കുത്തിവെപ്പിന് 16 നായ്ക്കളെ പിടികൂടിയത്. ഇവയെല്ലാം ചെറു റോഡുകള്‍ കേന്ദ്രീകരിച്ചുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലാണുണ്ടായിരുന്നത്.
നഗരപ്രാന്തങ്ങളിലെ ഒഴിഞ്ഞ പ്രദേശത്ത് ഭക്ഷ്യാവശിഷ്ടങ്ങള്‍ തള്ളുന്നതാണ് നായ് ശല്ല്യം വര്‍ധിക്കാന്‍ പ്രധാന കാരണമെങ്കിലും ഇതിനു തടയിടാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ വൈകുകയാണ്. രാവിലേയും രാത്രിയുമാണ് നായ്ക്കളുടെ ആക്രമണമുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മദ്‌റസ വിദ്യാര്‍ഥികള്‍, അതിരാവിലെ ജോലിക്കായി പോകുന്ന തൊഴിലാളികള്‍ തുടങ്ങിയവരാണ് കൂട്ടത്തോടെയുള്ള ആക്രമണത്തിനിരയാകുന്നത്.
നഗരസഭ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമത ഉറപ്പാക്കാനായിട്ടില്ല. തെരുവുനായ് ശല്യം രൂക്ഷമായപ്പോള്‍ ഇവയെ വന്ധ്യംകരിക്കാന്‍ നടപ്പാക്കിയ പദ്ധതിയും ലക്ഷ്യം കാണും മുമ്പ് നിലച്ചിരിക്കുകയാണ്. തെരുവുനായ് ശല്യം ജനങ്ങള്‍ക്ക് ഭീഷണിയായിട്ടും ഇക്കാര്യത്തില്‍ ആടിസ്ഥാന കാരണം കണ്ടെത്തി പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെടുന്നതില്‍ പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.