കൊണ്ടോട്ടിയില്‍ ഭീതിപരത്തി തെരുവുനായ്
text_fieldsകൊണ്ടോട്ടി: മേഖലയില്‍ ഭീതിപരത്തി തെരുവുനായ്ക്കളുടെ ആക്രമണം തുടരുന്നു. ശനിയാഴ്ച 15 പേര്‍ക്ക് വിവിധ ഭാഗങ്ങളില്‍നിന്ന് നായുടെ കടിയേറ്റതിന് പിറകെ ഞായറാഴ്ച മൂന്നുപേര്‍ക്ക് കൂടി കടിയേറ്റു. നീറാട് ഭാഗത്ത് രാവിലെ ഏഴോടെയും 11നും ഉച്ചക്ക് മൂന്നോടെയുമാണ് മൂന്നുപേരെ നായ് കടിച്ചത്. നായെ പിടികൂടാന്‍ നാട്ടുകാരും നഗരസഭ അധികൃതരും ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ശനിയാഴ്ച ഉച്ചക്കുശേഷം രണ്ടുമുതലാണ് നായ് ആക്രമണം തുടങ്ങിയത്. ജനവാസ മേഖലകളിലൂടെയും അങ്ങാടികളിലൂടെയും ഓടിയ നായ മുന്നില്‍ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി പേ വിഷബാധക്കെതിരായ കുത്തിവെപ്പ് നല്‍കുകയാണ് ചെയ്യുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ടി.ഡി.ആര്.എഫ് അനിമല്‍ റെസ്ക്യു സംഘമാണ് നായ്ക്കളെ പിടികൂടുന്നത്. ആദ്യ ദിവസം 45 നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നല്കി. ഇവയെ തിരിച്ചറിയാന്‍ ദേഹത്ത് അടയാളം പതിപ്പിച്ച് ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെ വിട്ടയക്കുകയാണ് ചെയ്യുന്നത്.
ശനിയാഴ്ച നായുടെ ആക്രമണമുണ്ടായ നീറാട്, വട്ടപ്പറമ്പ്, മുണ്ടപ്പലം, കൊളോത്ത്, പതിനേഴാം മൈല്‍, കുറുപ്പത്ത് ഭാഗങ്ങളിൽനിന്നും നഗരമധ്യത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്നുമാണ് നായ്ക്കളെ പിടികൂടിയത്. പേ വിഷബാധ ലക്ഷണങ്ങളുള്ള നായ്ക്കളെ പിടികൂടി പ്രത്യേകം നിരീക്ഷിക്കും. ഇതിനായി മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും നഗരസഭയിലെ മുഴുവന്‍ ഭാഗങ്ങളിലും നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നല്കാന് സംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ നിത ഷഹീര്‍ അറിയിച്ചു.
കണ്ട്രോള് റൂം തുറന്നു
നഗരത്തിലും പരിസരങ്ങളിലും നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റ സാഹചര്യത്തില്‍ നഗരസഭ പ്രത്യേക കണ്ട്രോള് റൂം തുറന്നു. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തിയാലും ആക്രണത്തിന് ഇരയായാലും 7736847887 എന്ന നമ്പറില്‍ വിളിച്ച് കണ്ട്രോള് റൂമില്‍ അറിയിക്കണം. പൊതുജനം ജാഗ്രത പാലിക്കണം.
കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒറ്റക്ക് പുറത്തിറങ്ങരുത്. കടിയേല്‍ക്കുന്നവര്‍ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകണം. പേ വിഷബാധക്കുള്ള വാക്സിന് കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ ലഭ്യമാണെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.