അധ്യാപക അവാര്‍ഡ് ; ഷാജഹാന് അര്‍ഹതക്കുള്ള അംഗീകാരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡ് സെക്കന്‍ഡറി വിഭാഗത്തില്‍ ഇടം പിടിച്ച കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് കായിക അധ്യാപകന് മുഹമ്മദ് ഷാജഹാനെ തേടിയത്തിയത് അര്‍ഹതക്കുള്ള അംഗീകാരം. വിദ്യാര്‍ഥികള്‍ക്ക് ചിട്ടയായ കായിക വിദ്യാഭ്യാസം നല്കുന്നതില് കഠിനപരിശ്രമം നടത്താറുള്ള ഷാജഹാന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നത് സ്കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. സാമൂഹിക സന്നദ്ധ സേവനത്തിലും ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമാണ്.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള കായികമേള, ഭിന്നശേഷി കുട്ടികളെ കായിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിക്കല്‍, സ്പോര്‍ട്സ് ഫെയര്‍, സ്പോര്‍ട്സ് ലൈബ്രറി, വിവിധ സാമൂഹിക ബോധവത്കരണ സന്ദേശങ്ങള്‍ നല്കുന്ന കായിക മേളകള്‍, മാരത്തണുകള്‍ എന്നിവ ഷാജഹാെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ കായിക വിദ്യാഭ്യാസ പദ്ധതികളാണ്. ഉപജില്ലയിലെ വിവിധ സ്കൂളുകള്‍ക്കായി സാമൂഹിക പങ്കാളിത്തത്തോടെ രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന അത്യാധുനിക ജമ്പിങ് ബെഡ് ഒരുക്കി. പ്രൈമറി കുട്ടികള്‍ക്കും അയല്പക്ക വിദ്യാലയങ്ങള്‍ക്കുമായി പ്രത്യേക പരിശീലനങ്ങളും മേളകളും സംഘടിപ്പിച്ചു. 24 വര്‍ഷം കായിക അധ്യാപകനായി ജോലിചെയ്യുന്ന ഷാജഹാന് മികച്ച ഫുട്ബാള്‍ റഫറി കൂടിയാണ്.
ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ടുതവണ മെഡലുകള്‍ നേടിയ ഇദ്ദേഹത്തിന് സബ് ജില്ലയിലെ മികച്ച സ്പോര്‍ട്സ് കോഓഡിനേറ്റര്‍ക്കുള്ള ബി.ആര്.സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എ.യു.പി.എസ് ഏറിയാട്, ജി.എച്ച്.എസ്.എസ് പുതുപ്പറമ്പ്, ജി.എച്ച്.എസ്.എസ് ചെട്ട്യാന്കിണര്, ജി.എച്ച്.എസ്.എസ് കൊടുമുണ്ട, ജി.എച്ച്.എസ്.എസ് പറവണ്ണ, ജി.എച്ച്.എസ്.എസ് ഓമാനൂര്‍ എന്നിവടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഐക്കരപ്പടി കുറ്റിത്തൊടി അബൂബക്കര്‍ ഹലീമ ദമ്പതികളുടെ മകനാണ്. പി.പി. റഷീദയാണ് ഭാര്യ. റനീന്‍ ജഹാന്, ഫാത്തിമ അഫ്രിന്, ആയിഷ നൗറിന് എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.