ചർച്ച ഫലം കണ്ടില്ല; വിമതരെല്ലാം മത്സര രംഗത്ത്, കൊണ്ടോട്ടിയിൽ യു.ഡി.എഫിന് തലവേദന
text_fieldsകൊണ്ടോട്ടി (മലപ്പുറം): തദ്ദേശ തെരഞ്ഞെടുപ്പിൽ ചൂടുള്ള പോരിനായിരിക്കും കൊണ്ടോട്ടി സാക്ഷ്യംവഹിക്കുക. നഗരസഭയിലേക്ക് പത്രിക നൽകിയ യു.ഡി.എഫ് വിമതരെ അനുനയിപ്പിക്കാന്‍ മുതിർന്ന നേതാക്കൾ ഇടപെട്ട മാരത്തണ്‍ ചര്‍ച്ചകൾക്കും കഴിഞ്ഞില്ല. വിമതരെല്ലാം മത്സര രംഗത്ത് ഉറച്ചുനിന്നതോടെ നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർഥികളുടെ മത്സരം കടുപ്പമേറിയതായി.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മഞ്ഞുരുകി ഐക്യം രൂപപ്പെടുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ചർച്ചകൾ ഫലം കാണാതെ വന്നതോടെ വിമതരെല്ലാം മത്സര രംഗത്ത് ഉറച്ച് നിൽക്കുകയായിരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളാണ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തുള്ളതെന്നതാണ് തെരഞ്ഞെടുപ്പിന് ചൂട് കൂട്ടുന്നത്.
കഴിഞ്ഞ തവണ ലീഗും കോണ്‍ഗ്രസും വേര്‍പിരിഞ്ഞാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ വിമതരുടെ രൂപത്തിലാണ് യു.ഡി.എഫിനകത്ത് തലവേദനയുണ്ടാക്കുന്നത്. ലീഗ് കോണ്‍ഗ്രസ് ഭാരവാഹികളായ അരഡസനോളം വിമതരാണ് നഗരസഭയില്‍ മത്സര രംഗത്തുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് വാര്‍ഡ് 32 മേലങ്ങാടിയിലെ മത്സരമാണ്. മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് മടാനെതിരെ ഇവിടെ വിമതനായി രംഗത്തുള്ളത് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡൻറ് ഇ.എം. റഷീദാണ്.
വാർഡ് കമ്മിറ്റിയുടെ അഭിപ്രായം പോലും ആരായാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ചൊവ്വാഴ്ച മുതൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുമെന്നും ഇ.എം. റഷീദ് പറഞ്ഞു.
വാര്‍ഡ് 39ല്‍ കോണ്‍ഗ്രസ് മുനിസിപ്പല്‍ വര്‍ക്കിങ് പ്രസിഡൻറ് ദാവൂദ് കുന്നംപള്ളിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി. റഹ്മത്തുല്ലയും ഇവിടെ മത്സരിക്കുന്നു. വാര്‍ഡ് 10 പഴയങ്ങാടിയില്‍ മുസ്ലിം ലീഗിലെ കുന്നുമ്മല്‍ സാലിഹാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസാണ് ഇവിടെ വിമതനായി മത്സര രംഗത്തുള്ളത്. വാര്‍ഡ് 40 കൊളത്തൂരില്‍ ലീഗിലെ ചൊക്ലി അബ്ദുറസാഖാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഷ്‌റഫ് പറക്കൂത്ത് മത്സര രംഗത്തുണ്ട്.
വാര്‍ഡ് 38 തച്ചത്തുപ്പറമ്പില്‍ ലീഗിലെ അലി വെട്ടോടനാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. ഇവിടെ ലീഗിലെ തന്നെ മുന്‍ പഞ്ചായത്ത് അംഗം ഇ.എം. ഉമ്മര്‍ മത്സര രംഗത്തുണ്ട്. വാർഡ് 17 പൊയിലിക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ബൽക്കീസാണ് മത്സരിക്കുന്നത്. ഇവിടെ നിലവിലെ കൗൺസിലർ കെ.കെ. അസ്മാബിയും നിൽക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പാർ മുന്നണികാലത്ത് കോൺഗ്രസിനൊപ്പം നിന്ന അംഗമായ അസ്മാബിയെപോലും സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ നേരേത്ത ആരോപണം ഉന്നയിച്ചിരുന്നു. 16 കാരിമുക്കിലും സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനകത്ത് പ്രതിഷേധം ആളിപ്പടർന്നിരിക്കുകയാണ്. ഡി.സി.സി പ്രസിഡൻറിനെവരെ തടയുന്ന സാഹചര്യമുണ്ടായി. വാർഡ് കമ്മിറ്റികൾ നിർദേശിക്കാത്തവർ ഔദ്യോഗിക സ്ഥാനാർഥികളായി രംഗത്ത് വന്നതെന്നാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
യു.ഡി.എഫിനെ പിന്തുണക്കും –വെൽഫെയർ പാർട്ടി
കൊണ്ടോട്ടി: ധാരണയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 40 ഡിവിഷനിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ നേതൃസംഗമം തീരുമാനിച്ചു. മുനിസിപ്പൽ പ്രസിഡൻറ് റഷീദ് മുസ്ലിയരങ്ങാടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്തു.
അഷ്റഫ് ചെമ്പൻ, മിഖ്താദ് മേലങ്ങാടി, സഹീർ നീറാട്, രായിൻകുട്ടി നീറാട്, അബ്ദുറഹ്മാൻ ചിറയിൽ, യൂസഫ് കൊളത്തൂർ, യഹ്യ മുണ്ടപ്പലം, ടി.പി. റഷീദ്, റസാഖ് കാളോത്ത്, മുഹമ്മദ് ഒന്നാംമൈൽ, കെ.കെ. അഹമ്മദ് കുട്ടി, മെഹർ മൻസൂർ, ഇ. അഫ്സൽ, ടി. മുഹമ്മദലി, എ.പി. ഹമീദ്, സൈനബ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.