തകര്‍ന്നടിഞ്ഞ നിരത്തുകളില്‍ ദുരിതയാത്ര
text_fieldsകൊണ്ടോട്ടി: യാത്രികരെ കഷ്ടപ്പെടുത്തി കൊണ്ടോട്ടിയിലെ തകര്‍ന്ന നിരത്തുകൾ. കോഴിക്കോട്-പാലക്കാട് ദേശീയപാതയും നഗരത്തെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രാദേശിക പാതകളുമെല്ലാം തകര്‍ന്നടിഞ്ഞതോടെ ദുരിതം പേറുകയാണ് യാത്രികര്‍. താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയ റോഡുകളിൽ കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനയാത്ര ദുഷ്കരമായി. ദേശീയപാത ബൈപാസ് റോഡില്‍ മാസങ്ങള്‍ക്കുമുമ്പ് അടച്ച കുഴികള്‍ മഴയില്‍ വീണ്ടും പഴയപോലെയായി. കുറുപ്പത്ത് മുതല്‍ 17ാം മൈല്‍ വരെ പ്രശ്നമാണ്. നഗരമധ്യത്തില്‍ മേലങ്ങാടി റോഡും തങ്ങള്‍സ് റോഡും കോഴിക്കോട്-പാലക്കാട് ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗത്താണ് തീര്‍ത്തും തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.
പാറപ്പൊടികള്‍ ഉപയോഗിച്ചാണ് നഗരത്തിലെ പ്രധാന പാതകളില്‍ കുഴിയടക്കുന്നത്. ഒരു മഴ പെയ്താൽ വീണ്ടും കുഴി പ്രത്യക്ഷപ്പെടും. ബൈപാസ് റോഡിന് പുറമെ മേലങ്ങാടി - കരിപ്പൂര്‍ റോഡിലും എടവണ്ണപ്പാറ റോഡിലും അരീക്കോട് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. തകര്‍ന്ന പാതകളില്‍ കാല്‍നടയാത്രയും കഷ്ടപ്പാട് നിറഞ്ഞതാണ്. ഈ ഭാഗങ്ങളില്‍ പ്രധാന പാതകളെ കേന്ദ്രീകരിച്ച് നടപ്പാതകള്‍ നിർമിക്കാനും നടപടിയായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊണ്ടോട്ടിയില്‍ ഗതാഗത നവീകരണവും പാതകളുടെ പുനരുദ്ധാരണവും നടത്തുമെന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ജലരേഖയായി. റോഡ് തകര്‍ച്ച കാരണം രാത്രി പോലും തീരാത്ത ഗതാഗതക്കുരുക്കാണ്. കുഴിയിൽ ചാടി വാഹനങ്ങള്‍ക്കുണ്ടാക്കുന്ന കേടുപാടുകളും ചെറുതല്ലെന്ന് ഓട്ടോ, ടാക്സി തൊഴിലാളികൾ പറയുന്നു.
റോഡ് നവീകരണം കാര്യക്ഷമമായി നടക്കാത്തതാണ് നഗരം നേരിടുന്ന പ്രധാന പ്രശ്നം. ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും തമ്മിലെ ആശയക്കുഴപ്പങ്ങളാണ് റോഡ് നവീകരണത്തെ പിറകോട്ടടുപ്പിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തോട് ചേർന്ന പ്രധാന നഗരമായിട്ടുപോലും കൊണ്ടോട്ടിയിലെ യാത്രക്കാരോടുള്ള അവഗണന ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.