സര്‍വകലാശാല ചരിത്ര വിഭാഗം ഡിജിറ്റല്‍ ആര്‍ക്കൈവ്സ് തുറന്നു
text_fieldsതേഞ്ഞിപ്പലം: കളങ്കമില്ലാത്ത ചരിത്രം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക വഴി ചരിത്രത്തെ വക്രീകരിക്കുന്നതും വളച്ചൊടിക്കുന്നതും തടയാനാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ പുരാരേഖ സൂക്ഷിപ്പു കേന്ദ്രങ്ങളിലുള്ള വിവരങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവേഷണാവശ്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം ഇവ ലഭ്യമാക്കുന്ന പദ്ധതി ഫെബ്രുരിയിൽ നിലവില്‍ വരും. സംസ്ഥാനത്തിന് മാത്രമായി പുരാരേഖ നിയമം കൊണ്ടുവരുന്നതിന് തുടക്കമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടിലേറെയായി സര്‍വകലാശാല ചരിത്ര വിഭാഗം ശേഖരിച്ചു വെച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളാണ് ഡിജിറ്റല്‍ രൂപത്തിലാക്കിയത്. വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ നിയോഗിച്ച നാപ് കമീഷന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ ഡിജിറ്റല്‍ ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം ആര്ക്കൈവ്സിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ചരിത്രപഠന വകുപ്പിന്റെ വെബ്സൈറ്റില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, വകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.