കുത്തിപ്പൊളിച്ച റോഡോരം നന്നാക്കിയില്ല; മന്ത്രിക്ക് പരാതി നല്കി സമരത്തിന് നീക്കം
text_fieldsപള്ളിക്കല്‍: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി കുഴിയെടുത്ത പള്ളിക്കല്‍ പഞ്ചായത്തിലെ പ്രധാന റോഡില്‍ ജീവന് സുരക്ഷയില്ല. റോഡോരം തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ പതിവായി അപകടത്തില്‍പ്പെടുകയാണ്. തലനാരിഴക്കാണ് പലര്‍ക്കും ജീവന് തിരിച്ചുകിട്ടിയത്. വയക്കാറത്തുപടിയില്‍ കഴിഞ്ഞദിവസമുണ്ടായ ബൈക്കപകടം ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. കോഹിനൂരില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. ദേവതിയാല്‍, പുത്തൂര്‍ പള്ളിക്കല്‍, കുമ്മിണിപ്പറമ്പ്, വയക്കാറത്തുപടി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അപകടാവസ്ഥ. എട്ട് മാസമായി പലയിടത്തും റോഡോരം തകര്‍ന്ന് കിടക്കുകയാണ്. കുഴിയില്‍ കുടുങ്ങി ഒട്ടേറെപ്പേരാണ് അപകടത്തില്‍പ്പെട്ടത്. നവകേരള സദസ്സിന് മുമ്പ് റോഡ് നന്നാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി.
ടാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ പ്രവൃത്തി തുടങ്ങുമെന്നുമാണ് അധികൃതരുടെ ഒടുവിലത്തെ മറുപടി. എന്നാല്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും പരസ്പരം പഴിചാരി മാറിനില്‍ക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കാക്കഞ്ചേരിയില്‍ ദേശീയപാത വികസന പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ അധികവും കോഹിനൂര്‍ വഴിയാണിപ്പോള്‍ കടന്നുപോകുന്നത്.
ഇത് ഈ മേഖലയില്‍ വാഹന പെരുപ്പത്തിന് ഇടയാക്കി. എന്നിട്ടും റോഡ് നന്നാക്കാന്‍ നടപടി വൈകുകയാണ്. പള്ളിക്കല്‍ പഞ്ചായത്തിലെ പ്രധാന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്കി സമരരംഗത്തിറങ്ങാനാണ് ജനങ്ങളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.