പച്ചക്ക് പറയാം പച്ചക്കറി വില താങ്ങില്ല
text_fieldsകൊണ്ടോട്ടി: തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്കുയര്ന്ന് തക്കാളിയും വെളുത്തുള്ളിയും. പൊതുവിപണിയില്‍ പച്ചക്കറികളുടെ വില കുതിച്ചുയരുമ്പോളും വില നിയന്ത്രണത്തിനും ക്ഷാമം പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ വൈകുകയാണ്.
സാധാരണക്കാരെയാണ് വിലക്കയറ്റം തളര്‍ത്തുന്നത്. വിപണിയില്‍ ഇടപെടാന്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് ഈ ദുരവസ്ഥ.
ഒരാഴ്ച മുമ്പ് കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില 40 രൂപയാണ്. 70 രൂപ വിലയായിരുന്ന വെളുത്തുള്ളിക്ക് 140 രൂപ നല്‍കണം. ഇഞ്ചിയുടെ വില 180 രൂപയില്‍നിന്ന് 200 രൂപയിലേക്ക് ഉയര്‍ന്നു. മൈസൂരുവില്‍നിന്നും ആന്ധ്രയില്‍ നിന്നുമാണ് തക്കാളി സംസ്ഥാനത്തെ വിപണികളില്‍ എത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം കൃഷി നശിക്കുന്നത് ക്ഷാമത്തിനും വിലവര്‍ധനവിനും കാരണമാകുന്നെന്ന് വ്യാപാരികള്‍ പറയുന്നു.
വിലക്കയറ്റം കച്ചവടത്തേയും സാരമായി ബാധിക്കുന്നുണ്ട്. നാടന്‍ ഉത്പന്നങ്ങളും വിപണിയിലെത്തുന്നില്ല. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ മാത്രമാണ് സ്വകാര്യ വിപണി ആശ്രയിക്കുന്നത്.
സുലഭമായിരുന്ന നാടന്‍ പയര്‍ കിട്ടാനില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. വെണ്ടക്കും വഴുതനങ്ങക്കും ബീന്‍സിനും വരെ വിലകൂടി.
ഇതര സംസ്ഥാനങ്ങളെ മാത്രം പച്ചക്കറികള്‍ക്കായി ആശ്രയിക്കുന്ന സംസ്ഥാനത്തെ വിപണികളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കൃഷി വകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുമ്പോള്‍ ജീവിത ചെലവ് താങ്ങാനാകാതെ കഷ്ടപ്പെടുകയാണ് സാധാരണക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.