‘വിജയസ്പര്‍ശം’ സ്കൂള്‍തല പദ്ധതിക്ക് കൊണ്ടോട്ടിയിൽ തുടക്കം
text_fieldsകൊണ്ടോട്ടി: വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിജയഭേരി പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത ‘വിജയസ്പര്‍ശം’ പരിപാടിയുടെ സ്കൂള്‍തല പരിശീലനത്തിന് കൊണ്ടോട്ടി മണ്ഡലത്തില്‍ തുടക്കം. ജില്ല പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും ജില്ല ആസൂത്രണ സമിതിയും സംയുക്തമായി നടപ്പാക്കുന്ന പരിശീലന പദ്ധതി കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാന ഗണിതം എന്നിവയില്‍ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാന്‍ തുടക്കം കുറിച്ച വിജയസ്പര്‍ശം ഒന്നാം ഘട്ടത്തില്‍ വിജയമായിരുന്നു.
പ്രത്യേക പരീക്ഷകളും വിലയിരുത്തലും നടത്തിയാണ് പദ്ധതിയിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. തുടര്‍ന്നാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പ് അധ്യയനവര്‍ഷം ആരംഭിക്കുന്നത്. പഠനത്തില്‍ വിദ്യാര്‍ഥികളെ മുന്‍നിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ മുഴുവന്‍ കുട്ടികളെയും പഠന നിലവാരത്തില്‍ മുന്‍നിരയില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രഥമാധ്യാപകന് പി.ടി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പയേരി റസാഖ്, വിജയഭേരി കോഓഡിനേറ്റര്‍ നശീദ, വിജയസ്പര്‍ശം കോഓഡിനേറ്റര്‍ കെ.എം. ഇസ്മായില്‍, കെ.എസ്. രോഹിണി, അനിത, സയ്യിദ് സമാന് എന്നിവര്‍ സംസാരിച്ചു.
യോഗം ചേർന്നു
പുളിക്കല്‍: വിജയസ്പര്‍ശം പദ്ധതിയുടെ ഭാഗമായി പുളിക്കല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു. പ്രസിഡന്റ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പൊതുമേഖല വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനാകുന്ന വിധത്തില്‍ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കാന്‍ യോഗത്തില്‍ ധാരണയായി.
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആഗസ്റ്റ് 16ന് ആല്‍പ്പറമ്പ് ജി.എം.എല്‍.പി സ്കൂളില്‍ നടക്കും.
ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹിമാന്, സുഭദ്ര ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.പി. മുജീബ്റഹ്മാന്‍, കെ.ടി. സുഹറ ചേലാട്ട്, സി.പി. ശങ്കരന്, ബി.പി.സി ഇന്‍ചാര്‍ജ് ജയ്സല, സി.ആര്.സി കോഓഡിനേറ്റര്‍ കെ.ഒ. നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.