പെയ്തൊഴിയാത്ത ഇശലായി വിളയില്‍ ഫസീല
text_fieldsകൊണ്ടോട്ടി: ഇശലുകള്ക്കായുള്ള ആസ്വാദക കാത്തുനിൽപിനിടെ വിടവാങ്ങിയ ഗായിക വിളയില്‍ ഫസീലയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്. ‘കിരികിരി ചെരുപ്പുമ്മല്‍ അണഞ്ഞുള്ള’ പുതുനാരിയായും ‘കണ്ണീരില്‍ മുങ്ങി പെരിയോനോട് കൈകള്‍ നീട്ടുന്ന’ സാധാരണക്കാരുടെ പ്രതീകമായും ഒരു വര്‍ഷത്തിനിപ്പുറവും ഫസീല എന്ന ഗായികയുടെ സ്വരമാധുരി ജനം നെഞ്ചേറ്റുന്നു. മാപ്പിളപ്പാട്ടിന്റെ തനത് ശൈലി മുറുകെപ്പിടിച്ചുള്ള ആയിരത്തില്‍പരം പാട്ടുകളാണ് ആ സംഗീതസപര്യക്ക് തിളക്കമേറ്റുന്നത്. പടപ്പു പടപ്പോടെ, ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബ കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, റഹ്മാനല്ലാഹ്, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ... തുടങ്ങിയ ഗാനങ്ങളെല്ലാം മാപ്പിളപ്പാട്ടിനോടുള്ള പുതുതലമുറയുടെ അഭിനിവേശം ഇന്നും കെടാതെ കാക്കുന്നു.
പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് പാട്ടിന്റെ ലോകത്ത് തന്റേതായ ഇടം അടയാളപ്പെടുത്തിയ ഫസീല എന്ന ഗായികയുടെ ഉദയം ആത്മാര്‍പ്പണത്തിന്റെ മികച്ച ഉദാഹരണമാണ്. മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയിലില്‍ കേളന്-ചെറുപെണ്ണ് ദമ്പതികളുടെ മകളായി ജനിച്ച വത്സല 1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാപ്പിളപ്പാട്ട് ഗാനശാഖയിലേക്ക് എത്തുന്നത്. ഏഴാം ക്ലാസില്‍ പഠിക്കവെ, ആകാശവാണിയില്‍ പാട്ടുപാടാന്‍ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ വിളയിൽ സ്കൂളില്‍ നടന്ന സാഹിത്യസമാജത്തിലാണ് കുരുന്നു ഗായികയെ വി.എം. കുട്ടി കണ്ടെത്തുന്നത്. പിന്നീട് വി.എം. കുട്ടിയുടെ വീട്ടില്‍ താമസിച്ചായിരുന്നു സംഗീതപഠനവും വിദ്യാഭ്യാസവും.
മുതിര്‍ന്നപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച് ഫസീലയായപ്പോഴും പാട്ടിന്റെ വഴിയില്തന്നെയായി ജീവിതം. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍, പി.ടി. അബ്ദുറഹ്മാന്റെ രചനയിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമാലപിച്ച ഫസീലയുടെ സ്വരം മലയാള സിനിമക്കും സുപരിചിതമായി. മരണാനന്തരം മോയിന്‍കുട്ടി വൈദ്യര് പുരസ്കാരം നല്കി വൈദ്യര് മാപ്പിളകല അക്കാദമി ആദരിച്ചെങ്കിലും അനശ്വര ഗായികയെ കൂടുതലറിയാനുള്ള സ്മാരകം യാഥാർഥ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.