കൊണ്ടോട്ടി നഗരസഭയുടെ ഉറപ്പിന് പുല്ലുവില ; കോട്ടേംകുന്നിലെ മാലിന്യം നീക്കിയില്ല
text_fieldsകൊണ്ടോട്ടി: നഗരസഭയുടെ ഉറപ്പ് പാഴ്വാക്കായി. കോട്ടേംകുന്നിലെ നഗരസഭയുടെ മാലിന്യം മാസങ്ങള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിഷേധവുമായി പ്രദേശവാസികള്‍ വീണ്ടും സംഘടിക്കുന്നു. മുന്നൂറ് ലോഡോളം മാലിന്യമാണ് കോട്ടേംകുന്ന് മലയിലെ നഗരസഭയുടെ തെന്ന അധീനതയിലുള്ള ഭൂമിയില്‍ തള്ളിയിരിക്കുന്നത്. നെടിയിരുപ്പ് കോളനി റോഡ്, മേലേപറമ്പ്, ചേരളകുണ്ട് എന്നിവക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന കോട്ടേംകുന്ന് മലയുടെ ഏറ്റവും മുകളില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് ടവര്‍ സ്ഥിതി ചെയ്യുന്ന ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ് നഗരസഭ മാലിന്യപറമ്പാക്കി മാറ്റിയത്.
പ്രദേശത്തെ പ്രധാന ജലസ്രോതസ്സ് കൂടിയാണ് ഈ കുന്ന്. കോട്ടേംകുന്നിനെ ഡമ്പിങ് യാഡാക്കി മാറ്റിയ ഭരണസമിതിക്കെതിരെ നാട്ടുകാര്‍ രാഷ്ട്രീയം മറന്ന് സംഘടിച്ചിരുന്നു. സമരസമിതി രൂപവത്കരിച്ച് നിരവധി പ്രതിഷേധങ്ങളും സംഘടിച്ചിരുന്നു. ഇതിെൻറ ഭാഗമായി കഴിഞ്ഞ ജൂലൈ ആറിന് നഗരസഭ ചെയര്പേഴ്സൻ കെ.സി. ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുമാസത്തിനകം മാലിന്യം നീക്കാന്‍ തീരുമാനിച്ചിരുന്നു. മാലിന്യം മഴക്കാലത്ത് ഒലിച്ചിറങ്ങി ജലസ്രോതസ്സുകളില്‍ കലരുന്നത് ഒഴിവാക്കാന്‍ ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മൂടുന്നതിനും തീരുമാനിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ ഈ ഉറപ്പ് പാഴ് വാക്കായി മാറി.
രണ്ടുമാസം കഴിഞ്ഞിട്ടും മാലിന്യം അതേപടി കോട്ടേംകുന്നിലുണ്ട്. ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മൂടുന്നതിനും നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
മാലിന്യം നിക്ഷേപിച്ചതോടെ സമീപത്തെ തോടുകളില്‍ മാലിന്യം കലരുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. നെടിയിരുപ്പ് തോട്, ചെറളത്തോട്, കോളനി തോട് എന്നീ മൂന്ന് തോടുകളാണ് ഈ ചെങ്കുത്തായ കുന്നില്‍നിന്ന് ഉല്‍ഭവിക്കുന്നത്. മാലിന്യം മഴക്കാലത്ത് ഒലിച്ചിറങ്ങി തോടുകളില്‍ കലരുകയാണ്. പരിസരം ജനവാസ മേഖലകൂടിയാണ്.
നഗരസഭ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച ആശുപത്രിമാലിന്യം ഉള്പ്പെെടയുള്ളവയാണ് ഇവിടെ തള്ളിയത്. വീടുകളില്‍നിന്ന് ശേഖരിച്ച മാലിന്യം നഗരസഭ ഓഫിസിന് സമീപമായിരുന്നു ആദ്യം കൂട്ടിയിട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോട്ടേംകുന്നില്‍ തള്ളുകയായിരുന്നു. മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ സമരവും പ്രക്ഷോഭവും നടത്തിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ശാശ്വത പരിഹാരം കാണുന്നില്ലെന്ന് സമരസമിതി കണ്‍വീനര്‍ കെ.എ. ഷാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.