ഉപഭോക്താക്കളുടെ പരാതി പ്രളയം; വിതരണ ശൃംഖലകള്‍ ഏറ്റെടുക്കാനാകാതെ ജല അതോറിറ്റി
text_fieldsകൊണ്ടോട്ടി: ജൽജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ ശുദ്ധജല വിതരണ ശൃംഖല പരാതി പ്രളയത്താല്‍ ഏറ്റെടുക്കാതെ വാട്ടര്‍ അതോറിറ്റി കൊണ്ടോട്ടി സെക്ഷന്‍ ഓഫിസ്. മുതുവല്ലൂര്‍, ചെറുകാവ്, പുളിക്കല്‍, ചീക്കോട്, വാഴയൂര്‍, കുഴിമണ്ണ, പള്ളിക്കല്‍ പഞ്ചായത്തുകളിലെ ജല വിതരണ ശൃംഖല പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷന്‍ ഓഫിസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രവൃത്തി ചുമതലയുള്ള മലപ്പുറത്തെ പ്രോജക്ട് ഡിവിഷന് ഓഫിസ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ജല വിതരണത്തിലെ അപാകതകളെ ചൊല്ലി ഈ പഞ്ചായത്തുകളില്‍നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരമില്ലാതെ പദ്ധതി ഏറ്റെടുക്കാനാകാത്ത അവസ്ഥയിലാണ് സെക്ഷന്‍ ഓഫിസ്. തുടര്‍ന്ന് പരിഹാര നടപടികള്‍ക്കായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥതല പരിശോധന ആരംഭിച്ചു.
ജൽജീവന്‍ മിഷനില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി കമീഷന് ചെയ്യുന്നതിന് മുമ്പായി വിതരണം നടത്തിയപ്പോള്‍ വ്യാപകമായി പൈപ്പ് ലൈനുകള്‍ തകരുകയും വെള്ളം ചോര്‍ന്നൊലിക്കുകയും ആവശ്യക്കാര്‍ക്ക് കുടിവെള്ളം കിട്ടാതാകുകയും ചെയ്തതോടെയാണ് ഏഴ് പഞ്ചായത്തുകളില്‍നിന്ന് പരാതികള്‍ ശക്തമായത്. നൂറുകണക്കിന് പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. പരാതികള്‍ പരിഹരിക്കാതെ പദ്ധതിയുടെ കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് ജല വിതരണത്തിന്റെയും അറ്റകുറ്റ പണികളുടെയും ചുമതല സെക്ഷന്‍ ഓഫിസിനെ ഏല്പിക്കാന് പ്രോജക്ട് ഡിവിഷന് ഓഫിസില്‍നിന്ന് നിര്‍ദേശമുണ്ടായത്. എന്നാല്‍ പരാതികള്‍ പരിശോധിച്ച് പരിഹാരം ഉറപ്പാക്കിയ ശേഷം മാത്രമേ പദ്ധതി കൈമാറ്റമുണ്ടാകാവൂ എന്ന ആവശ്യത്തെ തുടര്‍ന്നാണ് ഡിവിഷന് ഓഫിസിലെയും സെക്ഷന്‍ ഓഫിസിലെയും ജീവനക്കാര്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. കരാറിലെ വാറണ്ടി സമയത്തിനുള്ളിലാണോ പൈപ്പ് ലൈന്‍ തകര്‍ച്ചയും ചോര്‍ച്ചയും ഉണ്ടായിരിക്കുന്നതെന്ന് പരിശോധിക്കുന്നുണ്ട്.
ഈ സമയ പരിധിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം കരാറുകാര്‍ക്കാണ്. പരിശോധനയില്ലാതെ പദ്ധതി സെക്ഷന്‍ ഓഫിസിനു കീഴിലായാല്‍ അറ്റകുറ്റ പണികളുടെ പേരില്‍ വലിയ സാമ്പത്തിക ബാധ്യതയാകും ജല അതോറിറ്റിക്കും ഉപഭോക്താക്കള്ക്കുമുണ്ടാകുക. ഇതോടെ ഗുണഭോക്തൃ വിഹിതം ഒഴിവാക്കിയുള്ള പദ്ധതിയുടെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ലഭിക്കാതെ വരും. പദ്ധതിയില്‍ കണക്ഷന് പോയന്റ് മുതല്‍ മീറ്റര്‍ വരെയുള്ള ഭാഗങ്ങളിലെ അപാകതകള്‍ പരിഹരിക്കേണ്ട ബാധ്യത ഉപഭോക്താക്കള്‍ക്കാണ്.
നിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതും എസ്റ്റിമേറ്റില്‍ കാണിച്ച താഴ്ചയില്‍ കുഴിയെടുക്കാത്തതുമാണ് മിക്ക സ്ഥലങ്ങളിലും പൈപ്പ് പൊട്ടാന്‍ കാരണമെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. മീറ്റര്‍ ബോക്സും കണക്ഷന് പൈപ്പുകളും കോണ്‍ക്രീറ്റ് ചെയ്യാത്തതും പ്രധാന അപാകതകളായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചെറുകാവ്, പള്ളിക്കല്‍, പുളിക്കല്‍, ചീക്കോട്, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളും പരാതിയുന്നയിച്ച് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.