ജല അതോറിറ്റി ഡിവിഷന് ഓഫിസ്; കൊണ്ടോട്ടിയെ തഴഞ്ഞതില്‍ പ്രതിഷേധമുയരുന്നു
text_fieldsകൊണ്ടോട്ടി: ജലവിഭവ വകുപ്പിന്റെ പുതിയ ഡിവിഷന് കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊണ്ടോട്ടിക്ക് ഇത്തവണയും ഇടമില്ല. ജലക്ഷാമം രൂക്ഷമായ കൊണ്ടോട്ടി മേഖലയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് പുതിയ ഡിവിഷന് കേന്ദ്രം വേണമെന്ന ആവശ്യമാണ് വീണ്ടും അവഗണിക്കപ്പെട്ടിരിക്കുന്നത്.
കൊണ്ടോട്ടി നഗരസഭക്ക് പുറമെ എട്ട് പഞ്ചായത്തുകളും രാമനാട്ടുകരയുടെ പാര്‍ശ്വ പ്രദേശങ്ങളും ജലവിഭവ വകുപ്പിന്റെ കൊണ്ടോട്ടി സെക്ഷന്‍ ഓഫിസിന് കീഴിലാണ്. പുതുതായി കാഞ്ഞങ്ങാട്, കായംകുളം, കോട്ടയം മീനച്ചല്‍-മലങ്കര എന്നീ ഡിവിഷന് ഓഫിസുകള്‍ അനുവദിച്ചപ്പോള്‍ കൊണ്ടോട്ടി ഉള്‍പ്പെട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ എം.എല്‍.എ കെ. മുഹമ്മുണ്ണി ഹാജി കൊണ്ടോട്ടി കേന്ദ്രീകരിച്ച് ഡിവിഷന് ഓഫിസ് ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോഴും പരിഗണന പോലും ലഭിക്കാതിരിക്കുന്നത്.
ഡിവിഷന് ഓഫിസ് യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനാകും. സംസ്ഥാനത്തെ വലിയ പട്ടികജാതി കോളനികളിലൊന്നായ നെടിയിരുപ്പ് കോളനിയിലടക്കം വേനലാരംഭത്തില്‍ തന്നെ രൂക്ഷമാകുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ നവകേരള സദസ്സ് പുരോഗമിക്കുമ്പോഴും ഇടപെടല്‍ ഇല്ലാത്തതില്‍ വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
‘ജനകീയപ്രക്ഷോഭത്തിന് രൂപം നല്‍കും’
കൊണ്ടോട്ടി: ജലവിഭവ വകുപ്പ് പുറത്തിറക്കിയ പുതിയ ഡിവിഷന് കേന്ദ്രങ്ങളില്‍ കൊണ്ടോട്ടിയെ അവഗണിച്ച നിലപാട് തിരുത്തണമെന്ന് കിഫ്ബി-അമൃത് വാട്ടര്‍ പ്രൊജക്റ്റ് പ്രൊട്ടക്ഷന്‍ ഫോറം.
കൊണ്ടോട്ടിയെ അവഗണിച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. നയം തിരുത്താത്ത പക്ഷം സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഫോറം വ്യക്തമാക്കി. ചെയര്മാന് ഹംസ പുത്തലത്ത്, കണ്‍വീനര്‍ അബ്ദുറഹ്മാന് ചിറയില്‍, ഫ്രന്റ്സ് ഓഫ് നേച്ചര്‍ സെക്രട്ടറി എം.എസ്. റഫീഖ് ബാബൂ, മെഹര്‍ മന്‍സൂര്‍, അബ്ദുറഹ്മാന് കുന്നുമ്മല്‍, ഹാഫിസുര്‍ റഹ്മാന്, ഖലീല്‍, ഷിബിലി ഹമീദ്, സിദ്ദീഖ് പുതിയകത്ത്, മുനീര്‍ അഹ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.