കുന്നത്ത് കോളനിയിലടക്കം വെള്ളമെത്തിക്കാന്‍ താൽക്കാലിക നടപടി
text_fieldsകൊണ്ടോട്ടി: വേനല്‍ കനക്കുമ്പോള്‍ ശുദ്ധജല ക്ഷാമം രൂക്ഷമാകുകയും നഗരസഭയില്‍ പ്രഖ്യാപിച്ച കിഫ്ബി-അമൃത് കുടിവെള്ള വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണം വൈകുന്നതില്‍ ജനരോഷം ശക്തമാകുകയും ചെയ്യുമ്പോള്‍ കോടങ്ങാട് കുന്നത്ത് എസ്.സി കോളനിയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് താൽക്കാലികമായി വെള്ളമെത്തിക്കാന്‍ നടപടിയാരംഭിച്ചു. ചീക്കോട് ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്ന് കുമ്പളപ്പാറയില്‍ സ്ഥാപിച്ച 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവൃത്തികളാണ് വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രൊജക്ട് ഡിവിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. മുസ്ലിയാരങ്ങാടി മേഖലയുള്‍പ്പെടെ 15 ഓളം വാര്‍ഡുകളിലേക്ക് ജല വിതരണത്തിനായി സ്ഥാപിച്ച കുമ്പളപ്പാറ ടാങ്കിലേക്കു മാത്രം വെള്ളമെത്തിക്കാന്‍ ചീക്കോട് നിർമിച്ച രണ്ടാമത്തെ ശുദ്ധീകരണ കേന്ദ്രത്തില്‍ ഇതുവരെ വൈദ്യുതി ബന്ധം ലഭിച്ചിട്ടില്ല. ഇത് ജലവിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്ന് കുമ്പളപ്പാറ ടാങ്കിലേക്കുള്ള പൈപ്പ് ലൈനിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവൃത്തികളാണ് ആരംഭിച്ചത്.
പ്രവൃത്തി പൂര്‍ത്തിയായാല്‍ 11ാം വാര്‍ഡിന്റെ ഒരു ഭാഗം മുതല്‍ 26ാം വാര്‍ഡ് വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങും. കുടിവെള്ളക്ഷാമം അതിരൂക്ഷമായ കോടങ്ങാട് കുന്നത്ത് കോളനി, ചുള്ളിയില്‍, ആശാരിമുക്ക്, ചോലക്കല്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് ഒരു പരിധി വരെ ആശ്വാസമാകും. മേഖലയിലെ 75ല്‍ അധികം കുടുംബങ്ങളിലെ 500ല്‍ പരം പേര്‍ക്ക് ഏക ആശ്രയമായ കോടങ്ങാട് സ്വകാര്യ വ്യക്തി നിർമിച്ച കിണര്‍ വറ്റുന്നതും തദ്ദേശീയര്‍ ദാഹജലത്തിനായി അലയുന്നതും ''മാധ്യമം'' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘കുമ്പളപ്പാറ ടാങ്കില്‍ വെള്ളമെത്തുന്നത് സ്വാഗതാര്‍ഹം’
കൊണ്ടോട്ടി: ജനകീയ സമ്മര്‍ദത്തിനൊടുവില്‍ കിഫ്ബി കുടിവെള്ള പദ്ധതിയിലുള്‍പ്പെട്ട കുമ്പളപ്പാറ വാട്ടര്‍ ടാങ്കില്‍ വെള്ളമെത്തിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് കിഫ്ബി-അമൃത് വാട്ടര്‍ പ്രോജക്റ്റ് പ്രൊട്ടക്ഷന്‍ ഫോറം. ഹൈക്കോടതിയില്‍ പ്രൊട്ടക്ഷന്‍ ഫോറം നല്കിയ ഹരജിയില്‍ കേരള വാട്ടര്‍ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് വിശദീകരണം തേടിയതിനെ തുടര്‍ന്ന് മുഖം രക്ഷിക്കുന്നതിനുള്ള വ്യഗ്രതയിലായിരുന്നു വാട്ടര്‍ അതോറിറ്റി.
ചീക്കോട് ശുദ്ധീകരണ ശാലയില്‍ നിന്ന് കുമ്പളപ്പാറ ടാങ്കിലേക്ക് ബൈപാസ് ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുന്നത് ജനകീയ സമരങ്ങളുടെ വിജയമാണ്. ജനങ്ങള്‍ക്ക് അല്പമെങ്കിലും ആസ്വാസം പകരുന്നതാണിത്. മേലങ്ങാടി ടാങ്കും അടിയന്തരമായി ചാര്‍ജ് ചെയ്യണമെന്നും പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് റസാഖ് കോളങ്ങരത്തൊടി അധ്യക്ഷത വഹിച്ചു. പി.കെ. റഷീദ്, ബാബു കാര, സി.പി. പ്രകാശന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.