ആവർത്തിച്ച് ദുരന്തങ്ങൾ: വരുമോ കൊണ്ടോട്ടിയിൽ അഗ്നിരക്ഷ സ്റ്റേഷൻ?
text_fieldsകൊണ്ടോട്ടി: ആവര്‍ത്തിക്കുന്ന ദുരന്തങ്ങൾക്ക് മുന്നില്‍ പ്രതിരോധമില്ലാതെ പകക്കുകയാണ് കൊണ്ടോട്ടി നഗരം. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിട്ടുപോലും കൊണ്ടോട്ടിയില്‍ അഗ്നിരക്ഷ സേന സ്റ്റേഷന്‍ അനുവദിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. തീപിടിത്തമടക്കം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് സ്റ്റേഷന്‍ വേണമെന്ന ആവശ്യമുയരുന്നതിലപ്പുറം ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകളും സര്‍ക്കാര്‍തല തീരുമാനങ്ങളും വൈകുകയാണ്. തീപിടിത്തമുൾപ്പെടെ ദുരന്തങ്ങളുണ്ടാകുമ്പോള്‍ മണിക്കൂറുകളോളം കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട ഗതികേടാണ് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും. 20 കിലോമീറ്റര്‍ അകലെ മലപ്പുറത്തുനിന്നോ മഞ്ചേരിയില്‍നിന്നോ വേണം അഗ്നിരക്ഷ സേനയുടെ യൂനിറ്റുകളെത്താന്‍. പലപ്പോഴും 21 കിലോമീറ്റര്‍ അകലെ മീഞ്ചന്തയില്‍നിന്നും കോഴിക്കോട് ബീച്ചില്‍നിന്നും മുക്കത്തുനിന്നുമൊക്കെയാണ് അഗ്നിരക്ഷ സേന യൂനിറ്റുകള്‍ ഇവിടെ എത്താറുള്ളത്. ദൂരം കൂടുന്നതനുസരിച്ച് ദുരന്തത്തിന്‍റെ വ്യാപ്തിയും വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു.
ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് കൊണ്ടോട്ടി. കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ ബൈപാസ് റോഡ് കേന്ദ്രീകരിച്ചാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. നിയമാനുസൃത അകലം പോലും പാലിക്കാതെയുള്ള കെട്ടിടങ്ങളില്‍ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും പ്രധാന വെല്ലുവിളിയാണ്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തോടു ചേര്‍ന്നുള്ള പ്രധാന നഗരമായിട്ടും കൊണ്ടോട്ടിയില്‍ അഗ്നിരക്ഷ സേന സ്റ്റേഷന്‍ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. വ്യാപാരി സംഘടനകളും നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യമുന്നയിച്ച് വർഷങ്ങളായി രംഗത്തുണ്ട്. പലപ്പോഴും വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിമാനത്താവള അതോറിറ്റിയുടെ 'പാന്ഥര്‍' വാഹനത്തെയാണ് കൊണ്ടോട്ടി നഗരസഭയിലും പരിസര പ്രദേശങ്ങളിലുമുള്ള ഗ്രാമപഞ്ചായത്തുകളും ആശ്രയിക്കുന്നത്. വിമാനത്താവള അധികൃതരുടെ അനുമതി ലഭിക്കാതെ ഈ വാഹനം പുറത്തുള്ള അഗ്നിരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. ഇതിനുള്ള കാലതാമസവും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് സ്ഥലവും കെട്ടിടവും അനുവദിക്കുകയാണെങ്കില്‍ സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കാമെന്നു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. സ്ഥലം കണ്ടെത്താമെന്ന് അറിയിച്ചിട്ടും നടപടികള്‍ അകാരണമായി വൈകുകയാണെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.