കൂളിമാട് കടവ് പാലം ഉദ്ഘാടനം നാളെ
text_fieldsഎടവണ്ണപ്പാറ: ഇരുവഴഞ്ഞിപ്പുഴ-ചാലിയാർ സംഗമസ്ഥാനത്ത് ചാലിയാറിന് മീതെ കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാക്കിയ കൂളിമാട് കടവ് പാലം ബുധനാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
2002 ൽ യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീറിന് ജില്ല ലീഗ് വൈസ് പ്രസിഡന്റ് കെ.എ. ഖാദർ ഉൾപ്പെടെയുള്ള നേതാക്കൾ യു.സി. രാമൻ എം.എൽ.എ മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് പാലം അനുവദിച്ചത്.
പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് 2011ൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇരു ജില്ലകളിലെയും ആയിരങ്ങൾ പങ്കെടുത്ത് തീർത്ത പ്രതീകാത്മക ‘തോണിപ്പാലം’ ദേശീയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് സ്ഥലം എം.എൽ.എ അഡ്വ. പി.ടി.എ. റഹീമിന്റെ സജീവ ഇടപെടൽ നിമിത്തം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി.പി. രാമകൃഷ്ണൻ പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
പണി ആരംഭിച്ചെങ്കിലും 2019ലെ മഹാപ്രളയത്തിൽ പാലത്തിന്റെ പൈലിങ്ങുകൾ ഒലിച്ചുപോയതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പുനരാരംഭിക്കാത്തതിൽ നിരവധി സമരങ്ങൾ പിന്നീടും നടന്നു.
ഇതിനിടെ പാലത്തിന്റെ മപ്രം ഭാഗത്തെ അവസാന ഭീം തകർന്നത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നിർമാണത്തിനിടെ 2022 മേയ് 16 ന് ഹൈട്രോളിക് ജാക്കിയിലുണ്ടായ തകരാറിനെ തുടർന്ന് ഒരു ഭീം പുഴയിലേക്ക് വീഴുകയായിരുന്നു.
ആകെ 307 മീറ്റർ നീളം വരുന്ന കൂളിമാട് പാലത്തിന് 13 തൂണുകളും 12 സ്പാനുകളുമാണുള്ളത്. ഇരുഭാഗത്തും 1.5 മീറ്റർ ഫുട്പാത്തും 7.5 മീറ്റർ റോഡും ഉൾപ്പെടെ ആകെ 11 മീറ്ററാണ് പാലത്തിന്റെ വീതി. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 250 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 100 മീറ്റർ നീളത്തിലും സമീപന റോഡുകളുണ്ട്.
ഇരുഭാഗത്തും ഇതിനായി ഭൂമി നഷ്ടപ്പെട്ടവർക്ക് നേരത്തെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്.കെ.എം.സി.ടി മെഡിക്കൽ കോളജ്, ചൂലൂർ എം.വി.ആർ കാൻസർ സെന്റർ തുടങ്ങിയവയിലേക്ക് മലപ്പുറം ജില്ലക്കാർക്ക് ഇത് എളുപ്പമാർഗമാണ്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ നിരവധി ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിപ്പൂർ വിമാനത്താവളം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ എത്താനാകും. കൂളിമാട് കടവിൽ ജല ടൂറിസത്തിനും സാധ്യത തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.