കോട്ടക്കുന്ന് മണ്ണിടിച്ചിൽ ദുരന്തം; നാളെ അഞ്ച് വർഷം
text_fieldsമലപ്പുറം: കോട്ടക്കുന്ന് ഡി.ടി.പി.സി പാർക്കിന് താഴെയുണ്ടായ മണ്ണിടിച്ചിലിന് വെള്ളിയാഴ്ച അഞ്ചാം വർഷത്തിലേക്ക്. 2019 ആഗസ്റ്റ് ഒമ്പതിനാണ് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞത്. സംഭവത്തില്‍ പാർക്കിന് താഴെ ഭാഗത്തായി താമസിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. തുടർന്ന് മഴക്കാലമെത്തിയാൽ പ്രദേശത്തെ 16 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുകയാണ് പതിവ്. കോട്ടക്കുന്നിന് താഴെ ചെറാട്ടുകുഴിയിലെ 100ഓളം വീടുകളിലെ ജനങ്ങളും കനത്ത മഴയെത്തിയാൽ ബന്ധു വീടുകളിലേക്ക് മാറും. ഇത്തവണയും മഴയിൽ ആളുകളെ മാറ്റി താമസിപ്പിച്ചു. ജൂലൈ 30ന് മഴ കനത്തതോടെ പ്രദേശത്തെ കുടുംബങ്ങളെ കുന്നുമ്മൽ ടൗൺഹാളിലേക്കാണ് മാറ്റിയത്.
ഇവർ ആഗസ്റ്റ് നാലുവരെ ടൗൺഹാളിലെ ക്യാമ്പിൽ കഴിഞ്ഞു. 2019ലെ മഴയിൽ ഡി.ടി.പി.സി പാർക്കിലെ താഴെ ഭാഗത്തെ നടപാത ഉൾപ്പെട്ട ഒരുവശമാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. ദുരന്തം നടന്ന അന്ന് പ്രദേശത്തെ കുടുംബങ്ങളെ മലപ്പുറം എം.എസ്.പി. സ്കൂളിലേക്ക് മാറ്റിയിരുന്നു. സ്കൂൾ തുറന്നതോടെ മുൻ നഗരസഭാധ്യക്ഷന്റെ മൈലപ്പുറത്തെ വീട് ദുരിതാശ്വാസ ക്യാമ്പാക്കി. ഇവിടെ ഏഴ് കുടുംബങ്ങൾ മാസങ്ങളോളം കഴിഞ്ഞു. മറ്റുള്ളവർ വാടക വീട്ടിലും ബന്ധുവീടികളിലുമായിരുന്നു. പീന്നീടുള്ള വർഷങ്ങളിൽ മഴ വരുമ്പോൾ നഗരസഭ കുന്നുമ്മല്‍ ടൗണ്‍ഹാളിലാണ് താത്കാലികമായി ക്യാമ്പ് ഒരുക്കുന്നത്.
കാരണം സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടത്
കോട്ടക്കുന്നിന് മുകൾഭാഗത്തെ വെള്ളം ഒഴുകാനുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് (സി.എസ്.ആർ.ഡി) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ ഡ്രൈനേജ് നിര്‍മിക്കാന്‍ കോണ്ടൂര് സര്‍വേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സര്‍വേ) നടത്താനും നിശ്ചയിച്ചു. കോണ്ടൂര് സര്‍വേ പൂർത്തിയാക്കി റിപ്പോർട്ട് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചു.
ഓട നിർമിക്കാൻ 2.03 കോടി
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാനായി ഓട നിർമിക്കാൻ (ഡ്രൈനേജ്) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2.03 കോടി രൂപ അനുവദിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി (എസ്.ഇ.സി)യുടെ അംഗീകാരത്തോടെ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടി(എസ്.ഡി.എം.എഫ്)ൽ നിന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്.
റവന്യു വകുപ്പിന്റെ ഫീൽഡ് സർവേയുടെ അടിസ്ഥാനത്തിലാണ് കോട്ടക്കുന്നിൽ മുകളിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകിപോകാൻ ഓട ഒരുക്കാമെന്ന് കണ്ടെത്തിയത്. പദ്ധതിപ്രകാരം പ്രദേശത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകുന്നതിന് വീതിയിലും ആഴത്തിലും ഡ്രൈനേജ് ഒരുക്കി കോട്ടപ്പടി വലിയ തോടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഓട നിർമാണത്തിന് മുന്നോടിയായി നഗരസഭ അധികൃതർ പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇത് ജില്ല ദുരന്ത നിവാരണ സമിതിക്ക് കൈമാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ തുടർനടപടിയാകുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.