ഒരു കൊച്ചു വീട്,സമാധാനത്തോടെ ഒന്നുറങ്ങണം... ചോർന്നൊലിക്കുന്ന വാടകവീട്ടിൽ നിസ്സഹായരായി രണ്ടംഗ കുടുംബം
text_fieldsകോട്ടക്കൽ: സുമനസ്സുള്ളവർ കാണാതെപോകരുത് അബുവിനെ (60). അത്രക്ക് ദുരിതത്തിൽ കഴിയുകയാണ് മാതാരി അബുവും ഭാര്യ സുബൈദയും. കോട്ടക്കൽ പാറയിൽ സ്ട്രീറ്റിലെ ചോർന്നൊലിക്കുന്ന വാടക വീട്ടിലാണ് 10 വർഷത്തിലധികമായി കുടുംബം കഴിയുന്നത്. നേരത്തേ തെരുവോരത്ത് പഴവർഗങ്ങളുടെ കച്ചവടക്കാരനായിരുന്നു. ഇതിനിടെ അർബുദരോഗം പിടിപെട്ടു. തിരുവനന്തപുരം ആർ.സി.സിയിൽ 2012ൽ റേഡിയേഷനും കീമോതെറപ്പിയും ചെയ്തെങ്കിലും രോഗവ്യാപനം കൂടി. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ഇതോടെ ശരീരം നന്നേ ശോഷിച്ചു.
വിലയുള്ള ഗുളികകളാണ് ഓരോ ദിവസവും വേണ്ടിവരുന്നത്. അഞ്ചു ദിവസമായി സോഡിയം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ചികിത്സ ചെലവ് പരിഹരിച്ചത്. 4000 രൂപയാണ് ഇപ്പോൾ താമസിക്കുന്ന വീടിെൻറ വാടക. രണ്ടു മാസത്തെ വാടക കുടിശ്ശികയായിക്കഴിഞ്ഞു. തെരുവുകച്ചവടക്കാരുടെ കൂട്ടായ്മയിൽ പതിനായിരം രൂപ ബാങ്ക് വഴി ലഭിച്ചെങ്കിലും ആറു മാസമായി അടക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് നിർധന കുടുംബം.
നേരത്തേ തറവാട് സ്വത്ത് ഭാഗം വെച്ചപ്പോൾ ലഭിച്ച പണം കൊണ്ട് ചിനക്കലിൽ ചെങ്കുത്തായ സ്ഥലത്ത് നാല് സെൻറ് ഭൂമി വാങ്ങിയിരുന്നു. പക്ഷേ, വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുടുംബശ്രീ അംഗമായ സുബൈദക്ക് ലഭിച്ച താൽക്കാലിക ക്ലീനിങ് ജോലി വഴി ലഭിക്കുന്ന ശമ്പളമാണ് കുടുംബത്തിെൻറ ഏക വരുമാനം. ബസ് തൊഴിലാളിയായിരുന്ന ഏക മകൻ ഹാരിസ് മാണൂരിൽ ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം വാടക വീട്ടിലാണ് താമസം. കോവിഡിനെ തുടർന്ന് ജോലി നഷ്ടമായത് തിരിച്ചടിയായി. മുന്നോട്ടുള്ള ജീവിതത്തിന് മുന്നിൽ തീർത്തും നിസ്സഹായരായ കുടുംബം കാരുണ്യമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. അക്കൗണ്ട് നമ്പർ: 578402010009692, യൂനിയൻ ബാങ്ക്. IFSC: UBINO557846. ഫോൺ: 9847188751.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.