ആറുവരിപ്പാതയിൽ അടിപ്പാത വേണം; പ്രതിഷേധക്കടലായി രണ്ടത്താണി
text_fieldsകോട്ടക്കൽ: ആറുവരി പാത കടന്നുപോകുന്ന കോഴിക്കോട്-തൃശൂർ പാതയിലെ രണ്ടത്താണിയിൽ ഭൂഗർഭ നടപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധ മാർച്ചുമായി നാട്ടുകാർ.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ അണിനിരന്നു. നഗരത്തെ രണ്ടാക്കി കെ.എൻ.ആർ.സി പ്രവൃത്തികളുമായി മുന്നോട്ട് പോയതോടെ വിവിധ സംഘടനകൾ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. യാത്രദുരിതത്തിന് പരിഹാരം കാണാത്തതില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിയാക്കിയായിരുന്നു ഹരജി സമര്‍പ്പിച്ചത്. പരാതിക്ക് പരിഹാരം കാണുന്നത് വരെ ദേശീയപാത വിഭാഗത്തോട് റോഡ് പ്രവൃത്തി നിര്‍ത്തിവെക്കാനും കോടതി നിർദേശം നല്കി.
താൽക്കാലിക നിരോധനം വന്നതോടെ ഏറെക്കാലത്തെ ആവശ്യത്തിന് പരാഹാരം കാണുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശത്തുകാര്‍. സ്കൂള്‍, ആശുപത്രി, മസ്ജിദ്, മദ്റസ, പ്രധാന ഓഫിസുകള്‍, ലൈബ്രറി, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇരുഭാഗങ്ങളിലുമായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഇരുവശങ്ങളിലേക്കും കടക്കാന്‍ ഇപ്പോൾ കിലോമീറ്ററുകളോളം ചുറ്റേണ്ട സ്ഥിതിയാണ്. വാരിയത്ത് ഭാഗത്താണ് നിലവിൽ അടിപ്പാതയുള്ളത്. ഇതിനിടെ മൂന്നുമാസത്തെ സ്റ്റേ പൂർത്തിയായതിന് പിന്നാലെ ദേശീയപാത അതോറിറ്റി നിർമാണം പുനരാരംഭിച്ചു. പ്രദേശവാസികളുടെ പ്രയാസങ്ങൾ കണക്കുകളും വസ്തുതകളും നിരത്തി ബോധ്യപ്പെടുത്തിയിട്ടും തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു നാടൊന്നാകെ വീണ്ടും സമരമുഖത്തെത്തിയത്.
രണ്ടത്താണിയിൽ നിന്നാരംഭിച്ച മാർച്ച് പൂവൻചിനയിലെത്തി വാരിയത്തെ അടിപ്പാത ചുറ്റി നഗരത്തിൽ സമാപിച്ചു. മാർച്ചിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഫാസിൽ, മുഹമ്മദലി, അബ്ദുൽ റസാക്ക്, ഫിറോസ്, ഷംല ബഷീർ, ഷെരീഫ് ബഷീർ, സമീർ കാലൊടി തുടങ്ങി രണ്ടത്താണിയിലെ പൗര പ്രമുഖർ മാർച്ചിന് നേതൃത്വം നൽകി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.