ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം
text_fieldsകോട്ടക്കല്‍: സംഗീതം, നൃത്തം തുടങ്ങി ഏത് സര്‍ഗസൃഷ്ടിയും ശരീരവും മനസ്സും ഒന്നാകുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 80ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു.
പി.എസ്. വാരിയര്‍ സ്മാരക പ്രഭാഷണം സാഹിത്യകാരന് സുഭാഷ് ചന്ദ്രന് നിര്‍വഹിച്ചു. ലോകത്തെ മുഴുവന്‍ ജീവജാലങ്ങളോടും അനുകമ്പയോടെ പെരുമാറാന്‍ കഴിയുന്നതാണ് വൈദ്യന്റെ ജീവിതമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ ആത്മകഥയായ ‘സ്മൃതിപര്‍വ’ത്തിലെ വരികളെ ഓർമിപ്പിച്ച് സുഭാഷ് ചന്ദ്രന് പറഞ്ഞു.
വൈദ്യരത്നം പി.എസ്. വാരിയര്‍ അനുസ്മരണ പ്രഭാഷണം പാരീസ് വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ അശ്വിന് ശേഖര്‍ നിര്‍വഹിച്ചു. പി.എസ്. വാരിയരുടെ സമര്‍പ്പണബോധം അന്യാദൃശ്യമാണെന്ന് അശ്വിന് ശേഖര്‍ ചൂണ്ടിക്കാട്ടി.
ട്രസ്റ്റ് ബോര്‍ഡ് അംഗം അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന് സ്വാഗതവും ട്രസ്റ്റിയും അഡീഷനല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന് നന്ദിയും പറഞ്ഞു. ആയുര്‍വേദ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികള്‍ക്കുള്ള അവാര്‍ഡുകള്‍, ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവ വിതരണം ചെയ്തു. ആര്യവൈദ്യശാല ജീവനക്കാരും അവരുടെ കുട്ടികളും നടത്തിയ കലാപരിപാടികൾ അരങ്ങേറി. പേരാമ്പ്ര മാതാ കലാകേന്ദ്രം മലയാള കവിതകളുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.