വിവാഹം മുടങ്ങിയെന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി; കോട്ടക്കലിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ
text_fieldsകോട്ടക്കൽ: വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ മധ്യവയസ്കനെ വീട്ടിൽകയറി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കൊടലിക്കാടൻ കുട്ട്യാലിയാണ് (61) മർദനത്തിനിരയായത്. സംഭവത്തിൽ അയൽവാസികൂടിയായ തയ്യിൽ അബ്ദു (60), മകൻ നാഫി (28), ഇവരുടെ ബന്ധു ജാഫർ (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നാം തീയതി രാത്രി എട്ടുമണിയോടെ അബ്ദുവും മകനും ബന്ധുക്കളുമടക്കമുള്ള സംഘം കുട്ട്യാലിയുടെ വീട്ടിലെത്തി മർദിക്കുകയായിരുന്നു. നാഫിയുടെ വിവാഹം മുടങ്ങിയതിന് കാരണം കുട്ട്യാലിയാണെന്ന് പറഞ്ഞായിരുന്നു മർദനം. തുടർന്ന് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവ ദിവസം കുട്ട്യാലിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വീട്ടിൽ കയറി ആക്രമണം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം, സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. പ്രവാസിയായിരുന്ന കുട്ട്യാലി രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ മനോവിഷമത്തിലാണ് കുട്ട്യാലി. ജില്ല പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ തങ്ങളെ പൊതുവഴിയിൽ വെച്ച് മർദിച്ചെന്നാരോപിച്ച് നൽകിയ പരാതിയിൽ കുട്ട്യാലിയുടെ കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.