കടൽ കടന്ന ‘മലപ്പുറം കഥകൾക്കപ്പുറം’
text_fieldsകോട്ടക്കൽ: ഭൂഖണ്ഡങ്ങൾ താണ്ടിയ മലപ്പുറം സാഹോദര്യപ്പെരുമയുടെ ഖ്യാതി കൂടുതൽ പഠിക്കാൻ ആസ്ട്രേലിയയിൽ നിന്നൊരു സംഘം മലപ്പുറത്ത്. ഇതിനു വഴിവെച്ചതാകട്ടെ വർഷങ്ങൾക്കപ്പുറം ‘മലപ്പുറം കഥകൾക്കപ്പുറം’ എന്ന ഡോക്യുമെന്ററിയും. സംവിധാനം ചെയ്തതാകട്ടെ മലപ്പുറത്തെ ഏറെ കണ്ടറിഞ്ഞ മുൻ മാധ്യമ പ്രവർത്തകനും വയനാട്ടുകാരനായ തോപ്പിൽ ഷാജഹാനും. പി.ജെ. ആന്റണി ഫൗണ്ടേഷൻ ദേശീയ പുരസ്കാരം നേടിയതായിരുന്നു ഈ ഡോക്യുമെന്ററി.
മലപ്പുറം സാഹോദര്യത്തെ ദൃശ്യഭംഗികളിലൂടെയും വാക്കുകളിലൂടേയും അനുഭവിച്ചറിഞ്ഞ ആസ്ട്രേലിയൻ കോൺസൽ സാമുവേൽ മയേഴ്സും സംഘവും മലപ്പുറം സന്ദർശിക്കുകയായിരുന്നു. സംവിധായകനായ ഷാജഹാനെ നേരിൽ കണ്ട് വിശദമായ വിവരങ്ങൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. 23 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ ഒമ്പത് വിഷയങ്ങളും ദേശനന്മയുടെ നേർക്കാഴ്ച അടിവരയിടുന്നതാണ്.
തുഞ്ചൻപറമ്പിലെ വിദ്യാരംഭത്തിലെ മത സൗഹാർദം, വിവിധ ക്ഷേത്രങ്ങളിലേക്ക് താമര എത്തിക്കുന്ന തിരുനാവായയിലെ കർഷകർ, തിരൂർ പുതിയങ്ങാടിയിലെ യാഹൂം തങ്ങളുടെ നേർച്ചക്ക് പതാക ഉയർത്തുന്ന ഹൈന്ദവ സഹോദരർ, മൂന്നാക്കൽ മസ്ജിദിലെ അരി വിതരണം, താനൂർ-ശോഭപറമ്പിലെ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ ആവേൻ വിളി നടത്തുന്ന മുസ്ലിം തറവാട്ടിലെ കാരണവർ, കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യർ സമ്മാനിച്ച പാലപ്പുറ ജുമ മസ്ജിദിലെ മിമ്പർ.
മമ്പുറം തങ്ങളുടെ മഖ്ബറയും മുന്നിയൂർ കളിയാട്ടമുക്കിലെ കളിയാട്ടവും തമ്മിലുള്ള ദൃഢബന്ധം, പെരിന്തൽമണ്ണ ജുമ മസ്ജിദിൽ റമദാനിൽ നോമ്പ് സമയം അറിയിക്കാൻ വർഷം തുടർച്ചയായി കതീന പൊട്ടിച്ച പിരിയാണി തുടങ്ങിയ മത മൈത്രിയുടെ ചങ്ങാത്തം പറയുന്ന കഥകളിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് പത്രപ്രവർത്തകനായി മലപ്പുറത്ത് എത്തിയ ഷാജഹാൻ മതമൈത്രിയുടെ നിരവധി ഫീച്ചറുകളാണ് വായനക്കാരിലേക്ക് എത്തിച്ചത്. പിന്നീട് ഇതിൽനിന്ന് തെരഞ്ഞെടുത്ത ഫീച്ചറുകൾ ഡോക്യുമെന്ററിയിലൂടെ വെള്ളിത്തിരയിലേക്ക് ചിത്രീകരിച്ചു.
ഇന്ത്യ-പാക് എന്നാരോപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ചു നിരവധി ഫീച്ചറുകളും ഷാജഹാൻ എഴുതിയിരുന്നു. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം വിഷയത്തിൽ ഇടപെട്ടുവെന്നത് ഷാജഹാനെന്ന പത്രപ്രവർത്തകന് ലഭിച്ച അംഗീകാരമായി.
പിന്നീട് രാഷ്ട്രനിയമത്തിന്റെ ഇരകൾ എന്ന പേരിൽ മലയാളത്തിലും തമിഴിലും പുസ്തകമായി പ്രസിദ്ധീകരിച്ചതും വിഷയത്തിന്റെ സാരാംശത്തെ പ്രതിപാദിക്കുന്നതായിരുന്നു. കിക്കോഫ് സ്പോർട്സ് വെയർ, ജഴ്സി ഫാക്ടറി, നക്ഷത്ര ഇന്റർനാഷനൽ, ഹൂയാ സോക്സ് ഫാക്ടറി എന്നീ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് ഷാജഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.