മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പഞ്ചായത്ത് ഓഫിസിൽ പതിപ്പിച്ച് യൂത്ത് ലീഗ്
text_fieldsകോട്ടക്കൽ: മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് എടരിക്കോട് പഞ്ചായത്ത് ഓഫിസിലും വില്ലേജിലും പതിപ്പിച്ച് എടരിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ. പ്രതിഷേധവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചത്. യൂത്ത് ലീഗ് നേതാവും എടരിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഫസലുദ്ദീൻ തയ്യിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറി കോട്ടക്കൽ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ ഓഫിസിൽ എത്തി നടപടികൾ സ്വീകരിച്ചു. നാട്ടിൽ സംഘർഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് യൂത്ത് ലീഗിന്‍റെ ഇത്തരം പ്രവൃത്തികളെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യൻ പറഞ്ഞു.
പൊലീസിന്‍റെ നേതൃത്വത്തിൽ നോട്ടീസ് ചുമരുകളിൽനിന്ന് ഒഴിവാക്കി. അതേസമയം, സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നോട്ടീസ് പതിച്ചെതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലീൽ മണമ്മലിന്‍റെ വിശദീകരണം. പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ സി.പി.എം, ഡി.വൈ.എഫ്.ഐ കമ്മിറ്റികളും പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.