അകാലത്തിൽ പൊലിഞ്ഞ കണ്ടക്ടറുടെ കുടുംബത്തെ ചേർത്തുപിടിച്ച് സഹപ്രവർത്തകർ
text_fieldsകോട്ടക്കൽ: അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്റെ നിർധന കുടുംബത്തിന് ഫണ്ട് ശേഖരിച്ച് കൂട്ടുകാർ. വിവിധ റൂട്ടുകളിലായി സർവിസ് നടത്തിയ 16 സ്വകാര്യ ബസ് ജീവനക്കാരാണ് കൈമെയ് മറന്ന് ഫണ്ട് ശേഖരിച്ചത്. വളാഞ്ചേരി കാർത്തലയിലെ നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ശരത് (26). വർഷങ്ങളായി തൃശൂർ - കോഴിക്കോട് പാതയിൽ വടക്കേതിൽ ബസിലെ കണ്ടക്ടറായിരുന്നു.
ദിവസങ്ങൾക്കു മുമ്പാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഏക ആൺതരി മരിച്ചതോടെ വാർധക്യത്തിൽ കഴിയുന്ന അച്ഛനും അമ്മയ്ക്കും തുണയില്ലാതായി. രണ്ട് സഹോദരിമാരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ശരത്തിന്റെ ജോലി. ഇതോടെയാണ് കാരുണ്യ യാത്രയുമായി ബസ് തൊഴിലാളികൾ രംഗത്ത് എത്തിയത്.
കോഴിക്കോട്, കുന്നംകുളം, ചങ്കുവെട്ടി, കുറ്റിപ്പുറം, തൃശൂർ, യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ തൊഴിലാളികളും ഉദ്യമത്തിൽ പങ്കാളികളായി. യാത്രക്കാരും അകമഴിഞ്ഞ് പിന്തുണ നൽകിയതോടെ 3,65,000 രൂപയാണ് ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. ശരത്തിന്റെ പിതാവിന് ജീവനക്കാർ വീട്ടിലെത്തി തുക കൈമാറി. അവിവാഹിതനാണ് ശരത്. കണ്ടക്ടറുടെ കുടുംബത്തെ ചേർത്ത് പിടിച്ച സഹപ്രവർത്തകരുടെ മാതൃക പ്രവർത്തനത്തിന് അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.