അഴിമതി ആരോപണം: കോട്ടക്കൽ നഗരസഭ സെക്രട്ടറി 'പടിക്ക്' പുറത്ത്
text_fieldsകോട്ടക്കൽ: അഴിമതി ആരോപണത്തെ തുടർന്ന് നഗരസഭ സെക്രട്ടറി സുഗധകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കരാറുകാരനായ അൻസാരി കുണ്ടിലിെൻറ പരാതിയിൽ കോഴിക്കോട് റീജനൽ ജോയൻറ് ഡയറക്ടർ കെ.പി. വിനയെൻറ നേതൃത്വത്തിലുള്ള സംഘം നഗരസഭയിൽ തെളിവെടുപ്പും പരിശോധനയും നടത്തിയിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ 25ന് സർക്കാറിന് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
സെക്രട്ടറി സുഗധ കുമാറിെൻറ താമസസ്ഥലം ശീതീകരിച്ചതുമായി ബന്ധപ്പെട്ടാണ് കരാറുകാരൻ പരാതി നൽകിയത്. പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്നുമായിരുന്നുവത്രെ മറുപടി.
ഇതിെൻറ ശബ് ദരേഖകളും മറ്റ് തെളിവുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. താമസസ്ഥലമായ ഫ്ലാറ്റിലേക്ക് രണ്ട് ശീതീകരണ യന്ത്രത്തിന് പുറമെ മൂന്നാമതൊരെണ്ണം സ്വകാര്യ സ്ഥാപനത്തിൽനിന്ന് നേരിട്ട് വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ സഹായത്തോടെയാണ് പണം കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
തുക സ്വന്തമായി നൽകാതെ മറ്റൊരാളെ കൊണ്ട് കൊടുത്തത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ ഗുരുതരമായ ലംഘനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതെല്ലാമാണ് നടപടിയിലേക്ക് വഴിവെച്ചത്.
ചെയർമാൻ കെ.കെ. നാസർ, സെക്രട്ടറി സുഗതകുമാർ, മുനിസിപ്പൽ എൻജിനീയർ മിനിമോൾ, അക്കൗണ്ടൻറ് ഉണ്ണികൃഷണൻ, താൽക്കാക്കാലിക ജീവനക്കാരൻ എന്നിവരിൽനിന്നാണ് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചത്.
സെക്രട്ടറിയേയും പരാതിക്കാരനേയും ഒരുമിച്ചിരുത്തിയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആരോപണം വിവാദമായതോടെ വകുപ്പു മന്ത്രി എ.സി. മൊയ്തീനാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നാണ് സൂചന.
ആരോപണ വിധേയനായ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനും മുസ്ലിം ലീഗ് മുൻസിപ്പൽ ജന. സെക്രട്ടറിയുമായ സാജിദ് മങ്ങാട്ടിലും സെക്രട്ടറിക്കെെതിര ആരോപണവുമായി രംഗത്തെത്തി. കോവിഡ് സംവിധാനങ്ങളിൽ സെക്രട്ടറി വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം.
ചെയർമാൻ രാജിവെക്കണം –സി.പി.എം
കോട്ടക്കൽ: ആരോപണവിധേയനായ സെക്രട്ടറിയെ അന്വേഷണവിധേയനായി സസ്പെൻഡ് ചെയ്ത സംഭവത്തിൽ നഗരസഭയിൽ നടന്ന അഴിമതികളുടെ ധാർമിക ഉത്തവാദിത്തം ഏറ്റെടുത്ത് ചെയർമാൻ രാജിവെക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണസമിതിയിൽ നടന്ന വികസന പ്രവർത്തനങ്ങൾക്കുള്ള ബില്ലുകളും മറ്റും സെക്രട്ടറി സുഗധ കുമാർ ഒറ്റക്കല്ല നടപ്പാക്കിയത്. ചെയർമാൻ കെ.കെ. നാസർ അടക്കമുള്ളവരുടെ അറിവോടെയാണിത് നടന്നത്.
അഴിമതിക്ക് കൂട്ടുനിന്ന സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടുകളാണ് ചെയർമാൻ സ്വീകരിച്ചത്. സമൂഹമാധ്യമത്തിൽ കൂടി ചെയർമാൻ സെക്രട്ടറിക്കുവേണ്ടി സംസാരിച്ചതും ഇവർ തമ്മിലുള്ള കൂട്ടുകച്ചവടത്തിെൻറ പച്ചയായ തെളിവാണെന്നും എൽ.സി സെക്രട്ടറി ടി. കബീർ ആരോപിച്ചു.
നഗരസഭ സെക്രട്ടറിക്ക് ഉപയോഗിക്കാനായി വാഹനം വാടകക്കെടുത്തതുമായി നടന്ന ചട്ടലംഘനം മുതലുള്ള പ്രവർത്തനങ്ങളെ കുറിച്ചെല്ലാം അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വലിയ അഴിമതിയാണ് പുറത്തുവന്നതെന്നും ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. എൻ. പുഷ്പരാജൻ, ടി.പി. സുബൈർ, ഇ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.