വൈദ്യുതി പ്രശ്നം വേണം, ഇന്ത്യനൂർ സെക്ഷൻ
text_fieldsകോട്ടക്കൽ: മണ്ഡലത്തിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാൻ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ നിരന്തരമായി അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കൽ, പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ എന്നീ ആവശ്യങ്ങൾ നഗരസഭ ചെയർപേഴ്സൻമാരും പഞ്ചായത്ത് പ്രസിഡന്റുമാരും അവതരിപ്പിച്ചു.
കോട്ടക്കൽ ഇന്ത്യനൂർ സെക്ഷൻ യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ ആവശ്യപ്പെട്ടു. സെക്ഷൻ ഓഫിസിന് ആറ് വർഷത്തേക്ക് കെട്ടിടം സൗജന്യമായി ലഭ്യമാക്കാനുള്ള പ്രൊപ്പോസൽ സർക്കാറിലേക്ക് അയച്ചിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്ട്രീറ്റ് മെയിൻ വലിക്കൽ, നിലാവ് പദ്ധതി പൂർത്തീകരണം എന്നിവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ആവശ്യപ്പെട്ടു.
2021-22 വർഷം ഡപ്പോസിറ്റ് ചെയ്ത സ്ട്രീറ്റ് മെയിൻ പ്രവൃത്തികൾക്കുള്ള കണ്ടക്ടർ (കമ്പി) ഉൾപ്പെടെ സാധന സാമഗ്രികൾ ലഭ്യമായിട്ടുണ്ടെന്നും പ്രവൃത്തി ഉടനെ പൂർത്തിയാക്കുമെന്നും തിരുരങ്ങാടി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള വിവിധ പ്രവൃത്തികൾ നടന്ന് വരുന്നതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
ജനപ്രതിനിധികൾ, പൊന്നാനി, തിരൂർ, തിരൂരങ്ങാടി ഡിവിഷനുകളിലെ എക്സിക്യുട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടേയും യോഗമാണ് ചേർന്നത്.
കോട്ടക്കൽ നഗരസഭ കോൺഫറൻസ് ഹാളിലായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ (ഇരിമ്പിളിയം), സജിത നന്നേങ്ങാടൻ (മാറാക്കര) ജസീന മജീദ് (പൊന്മള) ഹസീന ഇബ്രാഹീം (എടയൂർ) റിജിത ഷലീജ് (കുറ്റിപ്പുറം), എക്സിക്യുട്ടീവ് എൻജിനീയർമാരായ ഒ.പി. വേലായുധൻ (തിരൂരങ്ങാടി), പി.വി. ലതീഷ് (പൊന്നാനി) എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.