കടത്തിണ്ണകളിലെ ദുരിതജീവിതത്തിലെ ദുരിതജീവിതത്തിന് വിട; സൈനുദ്ദീനും ഷാഹുൽ ഹമീദിനും അഭയകേന്ദ്രമായി
text_fieldsകോട്ടക്കൽ: വർഷങ്ങളായി കച്ചവട സ്ഥാപനങ്ങളുടെ വരാന്തകൾ അഭയകേന്ദ്രങ്ങളാക്കിയ വയോധികന് 'മാധ്യമം' വാർത്ത തുണയായി. ചങ്കുവെട്ടിയിലെ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന സൈനുദ്ദീൻ നാലകത്തിന് ഇനി പാണ്ടിക്കാട്ടെ സൽവ കെയർ ഹോമിൽ കഴിയും. ഇയാൾക്കൊപ്പം തെരുവിൽ കഴിഞ്ഞിരുന്ന മുക്കം സ്വദേശി നന്നപറമ്പിൽ ഷാഹുൽ ഹമീദിനും സൽവ അഭയമൊരുക്കി. ഗുരുവായൂർ താമരശ്ശേരി സ്വദേശിയായ സൈനുദ്ദീൻ കോട്ടക്കൽ മൈത്രി നഗർ റോഡിലെ നാട്ടുകാരും സ്ഥാപന ഉടമകളും നൽകുന്ന ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നത്.
മുക്കം സ്വദേശിയായ ഷാഹുൽ ഹമീദും വർഷങ്ങളായി തെരുവിലാണ്. കുടുംബം കൈയൊഴിഞ്ഞതോടെ ചങ്കുവെട്ടിയിലായിരുന്നു താമസം. 'മാധ്യമം' വാർത്തക്ക് പിന്നാലെ ചങ്കുവെട്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഇ.കെ. ബഷീർ, വി. റഫീഖ്, ടി. നവാബ്, ഐ.ആർ.ഡബ്ലിയു പ്രവർത്തകരായ അബ്ദുൽ കരീം എൻജിനിയർ, ലുക്മാൻ, അടാട്ടിൽ മൂസ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ടി.വി. മുംതാസ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അഭയകേന്ദ്രമാകുന്നത് വരെ സൈനുദ്ദീെൻറ സംരക്ഷണം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയായിരുന്നു. കൂടെ ഷാഹുൽ ഹമീദിനെയും കൂട്ടി.
പത്തു ദിവസത്തിലധികമായി ചങ്കുവെട്ടിയിൽ ഇരുവർക്കും താമസസൗകര്യവും ഭക്ഷണവും നൽകി. ആർ.ടി.പി.സി.ആർ പരിശോധനയും മറ്റും പൂർത്തിയായെങ്കിലും സർക്കാർ അഭയകേന്ദ്രങ്ങളിൽ താമസസൗകര്യം ലഭ്യമായില്ല. ജില്ല സാമൂഹികനീതി ഓഫിസർ കെ. കൃഷ്ണമൂർത്തിയുടെ നിരന്തരമായ ഇടപെടലാണ് ഇപ്പോൾ തുണയായത്.
നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ, എസ്.എച്ച്.ഒ എം.കെ ഷാജി, എസ്.ഐ. മുരളീധരൻ, വാർഡ് കൗൺസിലർ അടാട്ടിൽ റഷീദ, പി.കെ. ജമീല, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വൈശാഖ്, ശ്രീജിത്ത് കുട്ടശ്ശേരി എന്നിവർ ഇരുവരേയും യാത്രയാക്കി. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെ 'സ്നേഹവണ്ടി'യിലാണ് എല്ലാവർക്കും നന്ദി പറഞ്ഞ് ഇരുവരും സൽവ കെയർ ഹോമിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.