ഒടുവിൽ ജംഷീനക്ക് സഹായഹസ്തമെത്തി
text_fieldsകോട്ടക്കൽ: സ്വാഗതമാട് പതിയിൽ മുഹമ്മദിെൻറയും നജ്മുന്നീസയുടെയും മൂത്ത മകൾ ജംഷീനയുടെ (22) ജീവിതാഭിലാഷം പൂവണിയുന്നു. സാമ്പത്തിക പ്രയാസം മൂലം പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിലെ പഠനം വഴിമുട്ടിയ അന്ധവിദ്യാർഥിനിയുടെ തുടർപഠന ചുമതല സംസ്കാര സാഹിതി ജില്ല കമ്മിറ്റി ഏറ്റെടുത്തു.
നന്നായി പാടുന്ന, കീബോർഡും വയലിനും വായിക്കുന്ന ജംഷീനയുടെ ഇരു കണ്ണുകൾക്കും കാഴ്ചയില്ല. ചെമ്പൈ സ്മാരക സംഗീത കോളജിൽ ഒന്നാം വർഷ വിദ്യാർഥിനി ആയിരിക്കെയാണ് കോവിഡ് വില്ലനായെത്തിയത്. ഓൺലൈൻ പഠനത്തിന് സാങ്കേതികതയുള്ള മൊബൈൽ ഫോൺ നിർബന്ധമായി. കൂലിപ്പണിക്കാരനായ പിതാവിെൻറ സാമ്പത്തിക സ്ഥിതി തിരിച്ചടിയായതോടെ സംഗീതപഠനം മുടങ്ങി.
പിന്നണി ഗായിക ആവുകയാണ് പെൺകുട്ടിയുടെ സ്വപ്നമെന്നറിഞ്ഞ സംസ്കാര സാഹിതി ഭാരവാഹികൾ കാരുണ്യഹസ്തം നീട്ടുകയായിരുന്നു. ജില്ല ചെയർമാൻ സമദ് മങ്കട, സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ഭാരവാഹികളായ ഡോ. കെ.എം.ജി. നമ്പൂതിരി, ഷാജി കട്ടുപ്പാറ, അബൂബക്കർ, എ. മൻസൂർ അഹമ്മദ് എന്നിവർ വീട്ടിലെത്തി മൊബൈൽ ഫോൺ നൽകി. മഞ്ചേരിയിലെ മൻസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സൗജന്യമായി വയലിൻ അഭ്യസിപ്പിക്കും. തുടർപഠനത്തിന് ആവശ്യമായതെല്ലാം നൽകുമെന്ന് സംസ്കാര സാഹിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.