മകെൻറ ജന്മദിനത്തിൽ വിദ്യാർഥികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ സമ്മാനിച്ച് അധ്യാപകൻ
text_fieldsകോട്ടക്കൽ: പഠിപ്പിക്കാൻ വന്ന അധ്യാപകന്‍റെ കൈകളിലുള്ള കവറുകളിൽ നിറയെ മത്സൃ കുഞ്ഞുങ്ങൾ. ഇതെന്ത് മറിമായം എന്ന ചോദ്യഭാവത്തിൽ കുരുന്നുകൾ പരസ്പരം നോക്കി. സ്വർണനിറത്തിലുള്ള മത്സ്യങ്ങളെ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു ചില മിടുക്കർ. ഒടുവിൽ മാഷ് തന്നെ കാര്യം പറഞ്ഞു. മകന്‍റെ പിറന്നാളിണിന്ന്. സമ്മാനമായി മിഠായിക്ക് പകരം അലങ്കാര മത്സ്യങ്ങളാണെന്ന് അധ്യാപകൻ പറഞ്ഞതോടെ ആശംസകൾ പറയാനുള്ള തിരക്കിലായിരുന്നു വിദ്യാർഥിക്കൂട്ടങ്ങൾ.
പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളിലാണ് രസകരമായ സംഭവം. ഐ.ടി കോഓഡിനേറ്റർ പി.എ. ഹാഫിസിന്‍റെ മകൻ ഇസാൻ മുഹമ്മദിന്‍റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായാണ് സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫാൻസി ഗപ്പി മീനുകളെ സമ്മാനമായി നൽകിയത്. മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമാർജനത്തിന് തയാറെടുപ്പുമായി വിദ്യാർഥികളെ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ടുവെച്ചതെന്ന് ഹാഫിസ് പറഞ്ഞു. വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ സ്കൂൾ ലീഡർ കെ.പി. ശ്രീവൈഗക്ക് നൽകി നിർവഹിച്ചു.
പ്രധാനാധ്യാപിക എം. റഷീദ അധ്യക്ഷത വഹിച്ചു. കെ. മഹ്‌റൂഫ്, യു. ആതിര, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർഥികളുടെ വീടുകളിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായകരമാക്കാനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.