ലോക്ഡൗണിൽ ലോക്കായി ചരക്കു വാഹന മേഖല
text_fieldsപാലക്കാട്: ഒന്നാംഘട്ട കോവിഡിൽനിന്ന് മുക്തമായി സാധാരണ നിലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണം ചരക്കു വാഹന മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ജില്ലയിൽ ചെറുതും വലുതുമായി 7000ത്തോളം ചരക്കു വാഹനങ്ങളും 10,000 ജീവനക്കാരുമുണ്ട്.
ലോക്ഡൗണിൽ ചരക്കു വാഹനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങളും മറ്റു നിർമാണശാലകളും അടഞ്ഞുകിടന്നതോടെ ഓട്ടം കുറഞ്ഞ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇന്ധന വിലയിൽ പകച്ച്
ദിവസേന വർധിക്കുന്ന ഇന്ധനവില വർധനവിൽ കിതച്ച് നിൽക്കുകയാണ് ചരക്കു വാഹന മേഖല. വാടക വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നാണ് സ്ഥിതി. എന്നാൽ, ലോക്ഡൗണിൽ മതിയായ ഓട്ടം ലഭിക്കുന്നില്ല. ഇന്ധന വില വർധനവിൽ ആനുപാതികമായി വാടക വർധിപ്പിച്ചാൽ വീണ്ടും തിരിച്ചടി നേരിടുമോ എന്ന ഭയം കാരണം നഷ്ടം സഹിച്ചാണ് മുന്നോട്ടുപോകുന്നത്.
വേണം നികുതിയിളവ്
ലോക്ഡൗണിൽ യാത്രവാഹനങ്ങൾക്ക് സർക്കാർ നികുതിയിളവ് അനുവദിച്ചെങ്കിലും ചരക്കു വാഹനങ്ങളെ അവഗണിച്ചതായി പരാതിയുണ്ട്. ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധി നീട്ടി നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. ചരക്കു വാഹനങ്ങൾക്കും നികുതിയിളവ് അനുവദിക്കണം.
നിർമാണ മേഖലയിലെ പ്രതിസന്ധി
ആവശ്യസാധനങ്ങൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ലാത്തതിനാൽ നിർമാണ മേഖല സ്തംഭിച്ചു. ഇതോടെ സിമൻറ്, ഇഷ്ടിക, കല്ല്, മണൽ എന്നിവയുമായി ബന്ധപ്പെട്ട ഓട്ടങ്ങൾ പൂർണമായും നിലച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങൾ ഇവിടെ നിന്നും തിരികെ പോകുമ്പോൾ കുറഞ്ഞ വാടകയിൽ സാധനങ്ങൾ കയറ്റിപ്പോകുന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.മുന്നണിപ്പോരാളി ലിസ്റ്റിൽ ചരക്കുവാഹന ഡ്രൈവർമാരെയും ഉൾപ്പെടുത്തണം
ഒരു സുരക്ഷ മുൻകരുതലും പാലിക്കാത്ത ഇടങ്ങളിൽ പലപ്പോഴും ചരക്കുമായി പോകേണ്ടി വരുന്ന സാഹചര്യത്തിൽ ചരക്കു വാഹന ഡ്രൈവർമാരെയും മുന്നണിപ്പോരാളി ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണം.
പൊലീസ് മോശമായി പെരുമാറുന്നു
ചരക്കുമായി പോകുന്ന വാഹന ഡ്രൈവർമാരോട് പൊലീസും മറ്റു ജീവനക്കാരും മോശമായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. മർദനം വരെ ഏൽക്കേണ്ടി വന്നതായി പരാതിപ്പെടുന്നു.
വായ്പ തിരിച്ചടവും മുടങ്ങി
ഓട്ടം ഇല്ലാതായതോടെ വായ്പ തിരിച്ചടവും പ്രതിസന്ധിയിലായി. ഉപയോഗിച്ച് കൈമാറ്റം ചെയ്തുവന്ന വാഹനങ്ങളാണ് ചരക്കു വാഹന മേഖലയിൽ ഭൂരിഭാഗവും. ദേശസാത്കൃത ബാങ്കുകളിൽ നിന്ന് പുതിയ വാഹനം ഒഴികെയുള്ളവക്ക് വായ്പ ലഭിക്കാത്തതിനാൽ ന്യൂ ജനറേഷൻ ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്തിയാണ് ഭൂരിഭാഗം പേരും വാഹനം വാങ്ങിയിട്ടുള്ളത്. ലോക്ഡൗണിൽ തിരിച്ചടവ് മുടങ്ങിയതിനാൽ പലിശയും കൂട്ടുപലിശയും നൽകേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.