രണ്ടത്താണിയിൽ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈകോടതി
text_fieldsകോട്ടക്കല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് മാറാക്കരയിലെ സി.പി.എം, മുസ്ലിം ലീഗ് കമ്മിറ്റികള്‍ നൽകിയ ഹരജിയില്‍ ഇടപെട്ട് ഹൈകോടതി. പരാതിക്ക് പരിഹാരം കാണുന്നതു വരെ ദേശീയപാത വിഭാഗത്തോട് റോഡ് പ്രവൃത്തി നിര്‍ത്തിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. താൽക്കാലിക നിരോധനം വന്നതോടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സ്കൂള്‍, ആശുപത്രി, മസ്ജിദ്, മദ്റസ, പ്രധാന ഓഫിസുകള്‍, ലൈബ്രറി, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇരുഭാഗങ്ങളിലുമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇരുവശങ്ങളിലേക്കും കടക്കാന്‍ കിലോമീറ്ററുകളോളം ചുറ്റേണ്ട സ്ഥിതിയാണ്. വാരിയത്ത് ഭാഗത്താണ് ഇവിടെയുള്ളവര്‍ക്ക് കടന്നുപോകാന്‍ ദേശീയപാത അതോറിറ്റി സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതോടെയാണ് പ്രദേശത്തുകാരുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാത്തതില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിയാക്കി ഇരു പാര്‍ട്ടികളും ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അബ്ദുറസാഖ് എന്ന ബാവ, ഫിറോസ് പള്ളിമാലില്‍, സാമൂഹിക പ്രവര്ത്തകന് മൂര്‍ക്കത്ത് ഫാസില്‍ തുടങ്ങിയവരാണ് സി.പി.എമ്മിന് വേണ്ടി ഹരജി നൽകിയത്.
അഡ്വ. സത്യനാഥ മേനോന് ഹാജരായി. മുസ്ലിം ലീഗ് ജനപ്രധിനിധികളായ കെ.പി. ഷെരീഫ ബഷീര്‍, സമീര്‍ കാലൊടി എന്നിവര്‍ ഫയല്‍ ചെയ്ത പരാതിയില്‍ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. മുഹമ്മദ് ഷാ ഹാജരായി. വിഷയത്തില്‍ മണ്ഡലം എം.എല്‍.എ, എം.പി എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി ദേശീയപാത അതോറിറ്റിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.