പുത്തൂരിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു
text_fieldsകോട്ടക്കൽ: നിരനിരയായി പൊലീസ് വാഹനങ്ങൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം. പുത്തൂർ ബൈപാസിൽ പ്രഭാത സവാരിക്കെത്തിയവരടക്കമുള്ളവർക്ക് എന്താണ് സംഭവമെന്ന് മനസ്സിലാകുന്നതിന് മുമ്പേ നടപടികൾ ആരംഭിച്ചു. അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒന്നൊന്നായി പൊളിച്ചുനീക്കി. ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങൾ കൈയേറി കച്ചവടം ചെയ്തിരുന്നവർക്ക് നിരവധി തവണ ഷെഡുകൾ പൊളിക്കാൻ അധികൃതർ നോട്ടീസ് നൽകിയെങ്കിലും അവർ തയാറായിരുന്നില്ല. ഇരുഭാഗത്തും കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ വലിയ ഗതാഗത തടസ്സവും ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രവുമായി മാറിയിരുന്നു. കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം സമീപത്തെ കൃഷിയിടങ്ങളെയും പ്രദേശത്തെ എസ്.സി, എസ്.ടി കോളനിയിലേക്കുള്ള കുടിവെള്ള സ്രോതസ്സിനെയും ബാധിച്ചിരുന്നു. ഇവരുടെ പരാതിയിൽ വകുപ്പുതല നിർദേശം വന്നതോടെയാണ് നടപടി.
ചൊവ്വാഴ്ച പുലർച്ചെ ആറിന് ആരംഭിച്ച നടപടികൾ ഉച്ചക്ക് പന്ത്രണ്ടോടെ പൂർത്തിയായി. സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ പഞ്ചായത്ത് അധികൃതർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വ്യാപക പരാതി ഉയർന്നതോടെ നേരത്തെ രണ്ടുതവണ നടത്താൻ തീരുമാനിച്ചിരുന്ന നടപടികൾ കച്ചവടക്കാർ അറിഞ്ഞതിനാൽ നടന്നിരുന്നില്ല. അതീവ രഹസ്യമായിട്ടായിരുന്നു ഇത്തവണ നടപടികൾ. സ്ഥാപനങ്ങൾ പൊളിക്കുന്നതിൽ പ്രതിഷേധിച്ചവരെ പൊലീസ് നീക്കി. പ്രതിഷേധ ഭാഗമായി ബൈപാസ് റോഡ് ജങ്ഷനിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവട ട്രേഡ് യൂനിയൻ റോഡ് ഉപരോധവും സംഘടിപ്പിച്ചു.
അസി. കലക്ടർ വി.എം. ആര്യ, തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ.ടി. ഹക്കിം, ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി വി.ആർ. ബിന്ദു, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് മലപ്പുറം ഡിവൈ.എസ്.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.