സ്റ്റാൻഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടക്കലിൽ നാളെ സ്വകാര്യബസ് സമരം
text_fieldsകോട്ടക്കൽ: പണി പൂര്‍ത്തിയായ കോട്ടക്കല്‍ ബസ് സ്റ്റാൻഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബസുടമകളും തൊഴിലാളികളും സൂചന സമരം നടത്തും. വിഷയത്തില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ ശൗചാലയംപോലുമില്ല.
പ്രവൃത്തി ആരംഭിച്ചതോടെ സ്റ്റാൻഡിന്റെ പിറകിലെ സ്വകാര്യസ്ഥലത്താണ് ബസുകള്‍ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നിന് ഈ സ്ഥലം അടച്ചുപൂട്ടി. ഇതോടെ സ്റ്റാൻഡിന്റെ പിറകിലെ റിങ് റോഡിൽ പാർക്ക് ചെയ്യാനാണ് അധികൃതരുടെ നിര്‍ദേശം. എന്നാൽ, ഇവിടെ സ്വകാര്യവാഹനങ്ങളും മറ്റും നിർത്തിയിടുന്നതിനാല്‍ സമയത്തിന് സർവിസ് നടത്തുന്ന ബസുകള്‍ക്ക് വളരെ പ്രയാസമാണെന്ന് ഇവർ പറയുന്നു. നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സൂചനസമരം. നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും നടത്തും. എം.സി. കുഞ്ഞിപ്പ, യൂസുഫ് വടക്കന്‍, ശിവാകരന്‍, റാഫി, എം.സി. കുഞ്ഞിപ്പ, മൊയ്തീന്‍കുട്ടി, കെ.കെ. റഊഫ്, മാനു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.