പൂട്ടുതുറന്ന് അക്ഷരങ്ങൾ...
text_fieldsകോട്ടക്കൽ: വായിച്ചുവളരാൻ അടഞ്ഞുകിടക്കുന്ന വിദ്യാലയത്തിൽനിന്നുമുള്ള ലൈബ്രറി പുസ്തകങ്ങൾ തപാൽ വഴി വീടിെൻറ പടികടന്ന് വിദ്യാർഥികളിലെത്തും. കോവിഡ് മഹാമാരിയെ തുടർന്ന് പഠനം പോലും അസാധ്യമായ കാലത്ത് വ്യത്യസ്ത ആശയമൊരുക്കിയിരിക്കുകയാണ് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് അധികൃതർ. വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് കൂട്ടിനായി തപാൽ വഴി പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് തുടക്കം കുറിച്ചത്.
പഠനത്തിന് തടസ്സം നേരിട്ടതോടെ പ്രയാസത്തിലായ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് എഴുത്തുകളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന കുട്ടികൾക്ക് എങ്ങനെ പുസ്തകം നൽകുമെന്നതായിരുന്നു ലൈബ്രറി നടത്തിപ്പുകാരുടെ ചിന്ത. തുടർന്നാണ് 'വിസ്ഡം അവൈറ്റ്സ് ഇൻ ലെറ്റേഴ്സ്' പേരിൽ പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതോടെ വിദ്യാർഥികളും ആവേശത്തിലായി.
തപാൽ വഴി സൗജന്യമായാണ് ആവശ്യമുള്ള പുസ്തകങ്ങൾ എത്തിക്കുന്നത്. ഇതിനകം നൂറ്റിഅമ്പതോളം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വീട്ടിലെത്തിക്കാൻ കഴിഞ്ഞതായി അധ്യാപകനായ കെ.പി. നാസർ അറിയിച്ചു.
പദ്ധതി കൺവീനർ കെ. ഹരീഷ്, ലൈബ്രറി ഇൻചാർജ് ബി.എസ്. അഭിലാഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ലൈബ്രറിയിൽ പ്രശസ്തരായ എഴുത്തുകാരുടേതടക്കം പതിനയ്യായിരത്തിലധികം പുസ്തകങ്ങൾ വിദ്യാർഥികൾക്ക് അനുഗ്രഹമാണ്. ഓൺലൈൻ വഴിയും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.