കുട്ടി ഹെൽമെറ്റുകളാണ് താരം
text_fieldsകോട്ടക്കൽ: മോട്ടോര്‍വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ പരിശോധന പേടിയില്‍ ഹെല്‍മെറ്റ് ധരിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനിടയിലാണ് എ.ഐ കാമറയും റോഡ് സുരക്ഷ നിയമങ്ങളും കര്‍ശനമായത്. ഇതോടെ ഹെല്‍മെറ്റ് വിൽപന കേന്ദ്രങ്ങളില്‍ തിരക്കേറുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റ് വാങ്ങാനെത്തുന്നവരാണ് അധികവും. അവധി ദിവസങ്ങളില്‍ കുട്ടികളുമായെത്തി അവര്‍ക്കിഷ്ടമുള്ള ഹെല്‍മെറ്റ് വാങ്ങുന്ന തിരക്കിലാണ് രക്ഷിതാക്കൾ. കുട്ടികളെ ആകര്‍ഷിക്കാന്‍ മനംകവരുന്ന തരത്തിലുള്ള ഹെല്‍മെറ്റുകളും വിപണി കീഴടക്കി കഴിഞ്ഞു. കാർട്ടൂൺ ചിത്രങ്ങളും മറ്റും പതിപ്പിച്ച തല കവചങ്ങളാണ് കുരുന്നുകൾക്കിഷ്ടം. സ്റ്റീല്‍ബേര്‍ഡ്, വേഗ, സ്റ്റഡ്സ്, ഗ്ളിഡേഴ്സ്, ആരോൺ തുടങ്ങിയ കമ്പനികളുടേതിനാണ് വിപണിയില്‍ ഡിമാൻഡ്. 400 മുതല്‍ 850 വരെയാണ് കുട്ടി ഹെല്‍മെറ്റിന്റെ വില. വില കൂടിയാലും മക്കളുടെ സുരക്ഷിതത്തിന് തന്നെയാണ് മുന്‍ഗണനയെന്ന് രക്ഷിതാക്കൾ പറയുന്നു.
ബൈക്കില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഐ.എസ്.എ മാര്‍ക്കുള്ള ഹെല്‍മെറ്റ് മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. പുതിയ നിയമമനുസരിച്ച് മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്നതിനാല്‍ ഇരുചക്രം ഉപയോഗിക്കുന്നവരെല്ലാം പുതിയത് വാങ്ങുന്ന തിരക്കിലാണ്. 800 രൂപ മുതൽ 2000 രൂപ വരെയുള്ള വിവിധ മോഡലുകളാണ് മുതിർന്നവർക്കുള്ളത്.
വനിതയാത്രികർക്ക് സ്വന്തം വാഹനത്തിന്റെ നിറങ്ങളിലുള്ള ഹെൽമറ്റുകളോടാണ് പ്രിയം. തല മുഴുവനും മറക്കാത്ത മോഡലുകളാണിത്. നിയമം കര്‍ശനമായതോടെ ആവശ്യക്കാരുടെ എണ്ണം കൂടുകയാണെന്ന് ചങ്കുവെട്ടിയിലെ വ്യാപാരിയായ ഷാഹുല്‍ പറയുന്നു.
മഴക്കാലമായതിനാല്‍ ഹെല്‍മെറ്റുകള്‍ക്കൊപ്പെം വിവിധ മഴകോട്ടുകള്‍ക്കും ആവശ്യക്കാര്‍ എത്തുന്നതിനാല്‍ വ്യാപാരികളും ഇത്തവണ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.