എന്ന് തുറക്കും കോട്ടക്കൽ ബസ് സ്റ്റാൻഡ്? ഇന്ന് സമര പ്രഖ്യാപന കൺവെൻഷൻ
text_fieldsകോട്ടക്കൽ: ആയുർവേദ നഗരത്തിന്‍റെ സ്വപ്ന പദ്ധതിയെന്നറിയപ്പെടുന്ന കോട്ടക്കൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് തുറക്കാൻ ഇനിയും കടമ്പകൾ ഏറെ. മുനിസിപ്പൽ ആക്ട് പ്രകാരം കടമുറികളുടെ ലേല നടപടികളടക്കം പൂർത്തിയാക്കി സ്റ്റാൻഡ് തുറക്കാനാണ് നഗരസഭയുടെ തീരുമാനം.
സ്റ്റാൻഡ് നിർമാണം പൂർത്തിയാകാനിരിക്കെ നഗരസഭ ഭരണസമിതിക്കെതിരെ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കോട്ടക്കലിന്‍റെ ഡ്രീം പ്രോജക്ട് എന്നറിയപ്പെടുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന് 27 കോടി രൂപയാണ് നിർമാണ ചെലവ്. ഒന്നര ഏക്കറിൽ ആധുനിക രീതിയിലുള്ള കെട്ടിടത്തിൽ നൂറിലധികം കടമുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചി മുറി, വാഹനപാർക്കിങ്, ബസുകൾക്ക് യഥേഷ്ടം കടന്നുവരാനും പോകാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കേരള അർബൻ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുത്തായിരുന്നു പ്രവൃത്തികൾ. ഇനി 20 ശതമാനത്തോളം ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ബസ്ബേ, ഡ്രൈനേജ്, ഗ്രിൽസ് അടക്കമുള്ളതാണ് തുടർ പ്രവൃത്തികൾ. കൂടാതെ കടമുറികളുടെ ലേല നടപടികളും പൂർത്തിയാകാനുണ്ട്.
പഴയ സ്റ്റാൻഡിലെ വ്യാപാരികൾക്കെല്ലാം മുറികൾ അനുവദിച്ചിട്ടുണ്ട്. മൂന്നുവർഷം നടന്ന 28ാം നമ്പർ കൗൺസിൽ പ്രകാരം ഇവരെ പുനരധിവസിപ്പിക്കണമെന്നായിരുന്നു തീരുമാനം. താഴത്തെ നിലയിൽ 15 ലക്ഷം രൂപയും ഒന്നാമത്തെ നിലയിൽ അഞ്ചുലക്ഷം വീതവുമാണ് പഴയ കച്ചവടക്കാരിൽനിന്ന് ഈടാക്കിയിരുന്നത്. പുതിയ കെട്ടിടത്തിൽ ആർക്ക് എവിടെയൊക്കെ മുറികൾ നൽകണമെന്ന് പഴയ കൗൺസിൽ തീരുമാനിച്ചിട്ടില്ല. താഴെ നിലയിൽ 25 മുറികൾക്കായി 15 ലക്ഷം രൂപ വീതം വാങ്ങിയെങ്കിലും 21 മുറികൾ മാത്രമാണ് ഈ ഭാഗത്തുള്ളത്. ബാക്കി നാല് മുറികൾ മുകൾ ഭാഗത്ത് മതിയെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും അഞ്ചുലക്ഷത്തിന് പകരം 15 ലക്ഷം എന്തിന് കൊടുത്തുവെന്ന ചോദ്യം ബാക്കിയാണ്. മുകൾ ഭാഗത്തുള്ള 21 മുറികൾ ലേലത്തിന് വെച്ചതോടെ നാലെണ്ണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പരാതിയിൽ 27ന് കോടതി നഗരസഭയുടെ വാദം കേൾക്കും. അതേസമയം, സ്റ്റാൻഡ് തുറന്നുകൊടുക്കണമെന്നാവശ്യവുമായി ജനകീയ സമരസമിതി ശനിയാഴ്ച സമര പ്രഖ്യാപന കൺവെൻഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്റ്റാൻഡ് വിഷയം വരുംദിവസങ്ങളിലും സങ്കീർണ്ണമാകും.
ഭരണസമിതിക്കെതിരെ വിമർശനവുമായി മുൻ ചെയർമാൻ
കോട്ടക്കൽ: ഭരണസമിതിക്കെതിരെ രൂക്ഷ വിമർശമാണ് നഗരസഭ മുൻ ചെയർമാൻ കെ.കെ. നാസർ ഉന്നയിക്കുന്നത്. 2015-20 കാലയളവിൽ എഴുപത് ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതാണ്. നിലവിലെ കച്ചവടക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവർക്ക് നൽകിയ ഉറപ്പ് പാലിക്കണം. മുസ്ലിം ലീഗ് പാർട്ടി എടുത്ത തീരുമാനം നടപ്പിലാക്കി ഡ്രീം പ്രോജക്ട് യാഥാർഥ്യമാക്കാൻ ജനകീയമായി സ്റ്റാൻഡ് തുറന്നുകൊടുക്കാൻ നഗരസഭ ശ്രമിക്കണം.
നടപടികൾ മുനിസിപ്പൽ ആക്ട് പ്രകാരം -ചെയർപേഴ്സൻ
കോട്ടക്കൽ: സ്റ്റാൻഡ് തുറന്നുകൊടുക്കുന്നത് മുനിസിപ്പൽ ആക്ട് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമെന്ന് ചെയർപേഴ്സൻ ബുഷ്റ ഷബീർ. 29ന് 21 മുറികളുടെ പുനർലേല നടപടികൾ ഉണ്ടാകുമെന്നും ചെയർപേഴ്സൻ പറഞ്ഞു. സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്ത് 22 മുറിയിൽ 21 എണ്ണത്തിലാണ് പുനർ ലേലം നടക്കുക. ആഗസ്റ്റ് 12ലെ കൗൺസിൽ തീരുമാന പ്രകാരം മുറിക്ക് 60 ലക്ഷം രൂപയും 10,000 വാടകയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുറികൾ ലേലം ചെയ്യാനിരിക്കെ വ്യാപാരികളുടെ ഭാഗത്ത് നിന്നുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ്. കഴിഞ്ഞ ലേലത്തിൽ ഏഴുപേർ മാത്രമാണ് പങ്കെടുത്തത്. ഇവരെ മുടക്കുന്ന സമീപനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായത്. കൗൺസിൽ തീരുമാനപ്രകാരം പഴയ കച്ചവടക്കാർക്ക് പുനരധിവാസം ഉറപ്പാക്കും. നിർമാണ കമ്പനിയായ ഊരാളുങ്കൽ കമ്പനി തന്ന ബില്ലിൽ 2.91 കോടി രൂപയാണ് ഇനി കൊടുക്കാനുള്ളത്. കൂടാതെ കെ.യു.ആർ.ഡി.എഫ്.സി വഴി 1.52 കോടിയുടെ ലോണിന് നഗരസഭ അപേക്ഷിച്ചെങ്കിലും സർക്കാർ അനുവദിക്കാത്തത് തിരിച്ചടിയായി. ലേലം പൂർത്തിയാക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഫണ്ട് ലഭിച്ചാൽ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.