കോട്ടക്കലിൽ ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന്
text_fieldsകോട്ടക്കൽ: നഗരസഭ സാരഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിനുണ്ടായ നാണക്കേട് തുടരുന്നതിനിടെ രണ്ടുവാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടക്കും. വാർഡ് രണ്ട്, 14 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈസ്റ്റ് വില്ലൂർ, ചുണ്ട വാർഡുകളിലേക്ക് മത്സരിക്കുന്ന ലീഗ്, സി.പി.എം സ്ഥാനാർഥികൾ തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
രണ്ടിൽ നഷ് വ ഷാഹിദും പതിനാലിൽ ഷഹാന ഷഫീറുമാണ് ലീഗ് സ്ഥാനാർഥികൾ. ഇരുവരും പുതുമുഖങ്ങളാണ്. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കളത്തിലിറക്കി വാർഡുകൾ പിടിച്ചെടുക്കാനുള്ള അവസാനഘട്ട ചർച്ചയിലാണ് സി.പി.എം. കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർഥി ടി. സജ്ന ഇത്തവണയും ജനവിധി തേടും. വാർഡ് പതിനാലിൽ മത്സരിക്കുന്ന റഹീമ ഷെറിൽ പുതുമുഖമാണ്. നിലവിൽ രണ്ടു വാർഡുകളും ലീഗിന്റെ കുത്തക വാർഡുകളാണെങ്കിലും ലീഗിന് തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ്. വാർഡ് രണ്ടിൽ കൗൺസിലറായിരുന്ന ഷഹ് ല ഷജാസിന് അയോഗ്യത നേരിട്ടതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാർഡ് പതിനാലിൽ മൂന്നു കൊല്ലം നഗരസഭ അധ്യക്ഷ പദവിയിലിരുന്ന ബുഷ്റ ഷബീർ കൗൺസിലർ സ്ഥാനം രാജിവെച്ചതാണ് കാരണമായത്.
32 സീറ്റുള്ള കോട്ടക്കലിൽ ലീഗ് (19), സി.പി.എം (ഒമ്പത്), ബി.ജെ.പി (രണ്ട്) എന്നിങ്ങനെയാണ് കക്ഷിനില. അതിനാൽ തന്നെ ഫലങ്ങൾ ഭരണമാറ്റത്തിന് സാധ്യതയില്ലെങ്കിലും ഇത്തവണ സി.പി.എം ആത്മവിശ്വാസത്തിലാണ്. ഭരണസമിതിയിലേയും മുസ്ലീംലീഗ് കമ്മിറ്റിയിലേയും വിഭാഗീയതകൾ വോട്ടാക്കി മാറ്റാനാണ് സി.പി.എം ശ്രമം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്നതാണ് പ്രചരണം. ഒപ്പം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും. ലീഗ് നേതൃത്വം പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥികളെ ലീഗ് വിമതർ സി.പി.എം പിന്തുണയോടെ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ ഒരാഴ്ച സി.പി.എം ഭരണം പിടിക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാന നേതൃത്വം ലീഗ് മുനിസിപ്പൽ കമ്മി റ്റി പിരിച്ചുവിട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച അഡ്ഹോക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഇരുവിഭാഗങ്ങളുമായി ചർച്ച ചെയ്തു. ഡോ. കെ. ഹനീഷ, ചെരട മുഹമ്മദലി എന്നിവരാണ് നിലവിലെ സാരഥികൾ. ഇതിനിടയിൽ നാല് സ്ഥിരംസമിതി അധ്യക്ഷന്മാർക്കായുള്ള തെരഞ്ഞെടുപ്പിൽ വികസന സമിതി അധ്യക്ഷ സി.പി.എമ്മിന് ലഭിച്ചതും ലീഗിന് ക്ഷീണമായി. കമ്മറ്റി പിരിച്ചുവിട്ടതോടെ ഇത്തവണ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് അഡ്ഹോക് കമ്മറ്റിയാണ്. എന്നാൽ ലീഗിന്റെ പൊന്നാപുരം കോട്ടയായ കോട്ടക്കലിൽ ഉരുതിരിഞ്ഞ സംഭവവികാസങ്ങൾ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിനും പത്രിക ഫെബ്രുവരി എട്ടുവരെയു പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.