കോട്ടക്കൽ നഗരസഭ കേരഗ്രാമം പദ്ധതിയിൽ
text_fieldsകോട്ടക്കൽ: സംസ്ഥാന കൃഷിവകുപ്പിന്റെ ‘കേരഗ്രാമം’ പദ്ധതിയിൽ ഇനി കോട്ടക്കൽ നഗരസഭയും. കോട്ടക്കൽ മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്ന ആറാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോട്ടക്കൽ നഗരസഭ. എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്മള, മാറാക്കര പഞ്ചായത്തുകളെ നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. നാളികേര വികസന പദ്ധതി പ്രകാരം 2024-25 വർഷത്തിലെ ഒന്നാം വർഷ കേര ഗ്രാമങ്ങളുടെ പട്ടികയിലാണ് കോട്ടക്കൽ നഗരസഭയെ ഉൾപ്പെടുത്തിയത്. പദ്ധതിക്ക് മൂന്ന് വർഷങ്ങളിലായി 39.67 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിയിൽ കോട്ടക്കൽ നഗരസഭയെ ഉൾപ്പെടുത്തണമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിപാർശ നൽകിയിരുന്നു.
ഓരോ കേരഗ്രാമത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ച് പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ നടുക, കുമ്മായവും ജൈവവളവും രാസവളവും കീടനാശിനിയും സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ തെങ്ങിൻ തോപ്പുകളിൽ കിണറും പമ്പ് സെറ്റും സൂക്ഷ്മ ജലസേചനവും മഴവെള്ള സംഭരണവും നടപ്പാക്കൽ, ജൈവ വളം നിർമാണത്തിന് കമ്പോസ്റ്റ് യൂനിറ്റുകൾ- തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന ഘടകങ്ങൾ. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.