കോട്ടക്കൽ സീത വധം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsമഞ്ചേരി: കോട്ടക്കലിൽ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശി പാലപ്പുറ വീട്ടിൽ അബ്ദുൽ സലാമിനെയാണ് (38) മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം.
ആഭരണ കവർച്ചക്ക് ഏഴുവർഷം കഠിനതടവും ഭവനഭേദനത്തിന് ഏഴുവർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.
2013 ഒക്ടോബർ 15നായിരുന്നു സംഭവം. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പെൻറ ഭാര്യ സീതയാണ് (80) കൊല്ലപ്പെട്ടത്. ഇവർ തനിച്ച് താമസിക്കുന്ന വീടിെൻറ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്തുകയറിയ പ്രതി കഴുത്തില്‍ മുണ്ട് മുറുക്കി കൊന്നതിന് ശേഷം ശരീരത്തിലെ സ്വർണം കവരുകയായിരുന്നു.
2015ല്‍ ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് പിടികൂടിയത്. ആഭരണങ്ങൾ സേലത്തെ ജ്വല്ലറിയിൽ വിറ്റിരുന്നു. ഇത് കണ്ടെടുക്കാനായത് കേസിൽ നിർണായകമായി. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.