രണ്ടത്താണിയിൽ അടിപ്പാത; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ, സംഘർഷം
text_fieldsകോട്ടക്കൽ: ആറുവരിപ്പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-തൃശൂർ പാതയിൽ രണ്ടത്താണിയിൽ ദേശീയപാത ഉപരോധിച്ചത് സംഘർഷങ്ങൾക്ക് വഴിവെച്ചു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാത ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജനപ്രതിനിധികളടക്കമുള്ളവർക്ക് നിരവധി തവണ നിവേദനം കൊടുത്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർസമര പരിപാടിയുടെ ഭാഗമായി പാത ഉപരോധിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പാതയിൽ കുത്തിയിരിപ്പ് സമരമാരംഭിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളാരംഭിച്ചു. സർവിസ് റോഡായതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതോടെ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ പൊലീസ് നടപടിയാരംഭിച്ചു. മുൻനിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതോടെ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ വാഹനത്തിലേക്ക് മാറ്റി.
പിന്നാലെ മുഴുവൻ സമരക്കാരേയും റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യവുമായി പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശേഷം ഇവരെ വിട്ടയച്ചു. സമരത്തിന് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൗരപ്രമുഖർ, വ്യാപാരികൾ എന്നിവർ നേതൃത്വം നൽകി. പാത ഉപരോധിച്ച 250ഓളം പേർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിരുന്നത്. നിർമാണ കമ്പനിയായ കെ.എൻ.ആർ.സി പ്രവൃത്തികളുമായി മുന്നോട്ട് പോയതോടെ വിവിധ സംഘടനകൾ ഹൈകോടതിയിൽ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. കെ.എൻ.ആർ.സിയുടെ വിശദീകരണം കേട്ട ശേഷമാകും അന്തിമവിധി.
അനുകൂല തീരുമാനമില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതി തീരുമാനം. സ്കൂൾ, ആശുപത്രി, മസ്ജിദ്, മദ്റസ, പ്രധാന ഓഫിസുകള്‍, ലൈബ്രറി, ലിമിറ്റഡ് ബസ് സ്റ്റോപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം റോഡിന്റെ ഇരുഭാഗങ്ങളിലായാണുള്ളത്. ഇരുവശങ്ങളിലേക്കും കടക്കാന്‍ കിലോമീറ്ററുകളോളം ചുറ്റേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.