വിഷുക്കണിക്കുള്ള കൃഷ്ണ ശിൽപങ്ങൾ എത്തി
text_fieldsകോട്ടക്കൽ: സമ്പദ് സമൃദ്ധിയുടേയും ഐശ്വര്യത്തിെൻറയും പ്രതീകമായ വിഷുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി വ്യാപാരികൾ. വിഷുനാളില്‍ കണി കണ്ടുണരാന്‍ ശ്രീകൃഷ്ണെൻറ ശില്‍പങ്ങളും കച്ചവടസ്ഥാപനങ്ങളില്‍ തയാറായി. മനോഹരങ്ങളായ കൃഷ്ണ ശില്‍പങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. പേപ്പര്‍ പള്‍പ്പ്, ഫൈബര്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവയിൽ നിര്‍മിച്ച ഇവ ഒന്നിനൊന്ന് വര്‍ണ്ണവിസ്മയം നല്‍കുന്നവയാണ്. കുഞ്ഞു വിഗ്രഹങ്ങള്‍ മുതല്‍ ഒരാള്‍ പൊക്കത്തില്‍ വരെയുള്ളവ ഉണ്ടെങ്കിലും വിഷുക്കണിക്കായി മാത്രം തയാറാക്കിയവക്കാണ് ആവശ്യക്കാര്‍ കൂടുതലും. എന്നാല്‍, മെറ്റല്‍ കൊണ്ട് തീര്‍ത്തതിനും ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ വിലയും ഇത്തിരി കൂടുതലാണ്.
വൈറ്റ് സിമന്‍റ് കൊണ്ടുണ്ടാക്കിയ കൃഷ്ണവിഗ്രഹങ്ങളാണ് കൂടുതല്‍ വിറ്റഴിക്കുന്നത്. 200 മുതൽ അയ്യായിരം വരെയാണ് വിപണിയിലെ വിവിധ തരത്തിലുള്ള വിഗ്രഹങ്ങളുടെ വില. നഷ്ടപ്പെട്ട വിഷുവിപണിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കാടാമ്പുഴയിലെ വ്യാപാരിയായ നിധിന്‍ പറഞ്ഞു.
കൃഷ്ണവിഗ്രഹത്തിനൊപ്പം നിലവിളക്ക്, ഓട്ടുരുളി, നെല്ല്, കൊന്നപ്പൂവ്, വാല്‍ക്കണ്ണാടി, കുങ്കുമം, കണ്മഷി, അടക്ക, വെറ്റില, കിണ്ടി, പച്ചക്കറി വിത്തുകള്‍, പഴവര്‍ഗങ്ങള്‍, കോടിമുണ്ട്, നാണയങ്ങൾ എന്നിവയടങ്ങിയതാണ് വിഷുക്കണി. ഓട്ടുരുളിയില്‍ കണിയൊരുക്കുന്നതിനായുള്ള എല്ലാ വസ്തുക്കളും ഇതിനകം വ്യാപാരസ്ഥാപനങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഗുരുവായൂർ, തൃശൂർ ഭാഗങ്ങളിൽ നിന്നാണ് ഇത്തരം സാധനങ്ങൾ എത്തുന്നത്.
പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലേക്ക് വിഷുക്കണിക്കായുള്ള സാധനങ്ങൾ വാങ്ങാൻ നിരവധി പേരാണ് എത്തുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് നഷ്ടപ്പെട്ട വിഷു വിപണി ഈ വര്‍ഷമെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.