പാഠപുസ്തകങ്ങൾ തരുന്നത് മാത്രമല്ല പഠിക്കേണ്ടത് -സമദാനി
text_fieldsകോട്ടക്കൽ: ലോകം കെട്ടിപ്പടുക്കാനുള്ള അവസരങ്ങളാണ് ക്വിസ് പരിപാടികളെന്നും പാഠപുസ്തകങ്ങൾ തരുന്നത് മാത്രമല്ല നമ്മൾ പാഠമാക്കേണ്ടതെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വെന്നിയൂരിൽ മാധ്യമം ‘സ്റ്റെം’ ജീനിയസ് മെഗാക്വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂനിയർ യു.പി വിഭാഗത്തിൽ നാസില എം.സി, മുഹമ്മദ് സഫർ (എ.എം.യു.പി.എസ് പാഴൂർ) എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. ഇഷാനി കെ.ആർ, അങ്കിത എം. രാജ് (എം.ഇ.എസ് കുറ്റിപ്പുറം), ടി. പാർഥിവ്, ടി. മേഘ (തിരുത്തി എ.യു.പി സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. സീനിയർ ഹൈസ്കൂൾ വിഭാഗത്തിൽ പ്രബിൻ പ്രകാശ് വി, അഹ്മദ് റാസി എ (ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി) എന്നിവർ ഒന്നാം സ്ഥാനം നേടി. ടി.പി. ആദിൽ, ഹാഫിസ് അമാൻ (പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര), മുഹമ്മദ് സബീൽ, മുഹമ്മദ് അഫ്ലഹ് (നജ്മുൽ ഹുദ ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. സയൻസ്, ടെക്നോളജി വിഷയങ്ങളിൽ നടത്തിയ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ടീമുകൾക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടിയ ടീമുകൾക്ക് 6,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 4,000 രൂപയും കൈമാറി.
പരപ്പൻ സ്ക്വയർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കുരുന്നുകൾക്ക് സമ്മാനിച്ചത് അറിവിന്റെ മഹാസാഗരമാണ്.
ചിരിയും തമാശയും കലർന്ന ചോദ്യോത്തരങ്ങളുമായി ക്വിസ് മാസ്റ്റർ മദ്രാസ് ഐ.ഐ.ടിയിലെ മുഹമ്മദ് അജ്മൽ വിദ്യാർഥികളെ കൈയിലെടുത്തു.
കരിയർ അവബോധന സെഷന് അസീം പനോളി (എൻ.ഐ.ടി കാലിക്കറ്റ്), ഡോ. സി.പി. അബ്ദുല്ല ബാസിൽ (ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ) എന്നിവർ നേതൃത്വം നൽകി.
‘മാധ്യമം’ റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ ബിസിനസ് സൊലൂഷൻ മാനേജർ അബ്ദുൽ ഗഫൂർ, എക്സ് ആൻഡ് വൈ സി.ഇ.ഒ-ജെ.ഇ.ഇ ഷഫീർ അമ്പാട്ട് എന്നിവർ സംസാരിച്ചു. ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. മൊയ്തീൻകുട്ടി സ്വാഗതവും എക്സ് ആൻഡ് വൈ സി.ഒ.ഒ അനിൽ പ്രിംറോസ് നന്ദിയും പറഞ്ഞു. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജൂനിയർ, സീനിയർ തലങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായിരുന്നു അവസരം.
ഉച്ചക്ക് 1.30 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചതോടെ കുട്ടികളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.