രാജാങ്കണത്തിൽ ‘ലെറ്റ്സ് കൂൾ’ പദ്ധതിയുമായി ‘മാധ്യമം വെളിച്ചം’
text_fieldsകോട്ടക്കൽ: എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് അറിവിന്റെ സാഗരമൊരുക്കി ‘ലെറ്റ്സ് കൂൾ’ പദ്ധതിയുമായി ‘മാധ്യമം.’ കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിലാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി പഠനശാല ഒരുക്കിയത്.
ഫിസിക്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിലായിരുന്നു പുതിയ അറിവുകൾ നൽകിയത്. പരീക്ഷയോടനുബന്ധിച്ചുള്ള പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ആത്മവിശ്വാസമേകി. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചർച്ചചെയ്തു.
വിദ്യാർഥികളുടെ സംശയങ്ങളും നിവാരണം ചെയ്തു. പ്രധാനാധ്യാപകൻ കെ.വി. രാജൻ ഉദ്ഘാടനം ചെയ്തു. ‘മാധ്യമം’ പരസ്യ മാനേജർ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വിജയഭേരി അസി. കോഓഡിനേറ്റർമാരായ ഐ. നിഷ, ടി. ഷരീഫ, ഫാക്കൽറ്റികളായ കെ. ജീജീഷ്, കെ. മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.
മാധ്യമം പരസ്യ മാനേജർമാരായ ആനന്ദ് നെല്ലിക്കോട്ട്, പി. ഫൈസൽ, ലേഖകൻ പ്രമേഷ് കൃഷ്ണ, കെ.കെ. ജവഹർ, സി. ഹാരിസ് ഹംസ എന്നിവർ സംബന്ധിച്ചു. വിജയഭേരി കോഓഡിനേറ്റർ പി. ഗിരീഷ് സ്വാഗതം പറഞ്ഞു. നൂറോളം കുട്ടികൾ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് വെളിച്ചം നടത്തിവരുന്ന ‘കാൾ യുവർ ടീച്ചർ’ പദ്ധതിയുടെ തുടർച്ചയായാണ് ‘ലെറ്റ്സ് കൂൾ’ നടപ്പാക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നേരിട്ടുകാണാനും അവരുടെ ആത്മവിശ്വാസം ഉയർത്താനും സംശയങ്ങളും ആശങ്കകളും അകറ്റാനുമായി പരിചയസമ്പന്നരായ അധ്യാപകരാണ് ‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്കെത്തുക. ഗണിതം, ബയോളജി വിഷയങ്ങളിലും പ്രത്യേക സെഷനുകളുണ്ടാകും.
മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രത്യേക സെഷനുകൾ, പരീക്ഷപേടി അകറ്റാനുള്ള ക്ലാസുകൾ, മോട്ടിവേഷനൽ ക്ലാസുകൾ തുടങ്ങിയവയും ഉൾപ്പെട്ടതാണ് പദ്ധതി.
പരിചയസമ്പന്നരായ അധ്യാപകർ തയാറാക്കിയ വിവിധ വിഷയങ്ങളുടെ പഠന മെറ്റീരിയലുകളും വിതരണം ചെയ്യും. തികച്ചും സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നത്. താൽപര്യമുള്ള സ്കൂളുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 9645000323, 9645006070.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.