കലയുടെ കേളികൊട്ടിന് കോട്ടക്കലുണരുന്നു; മലപ്പുറം ജില്ല സ്കൂള്‍ കലോത്സവത്തിന് ഞായറാഴ്ച തിരിതെളിയും
text_fieldsകോട്ടക്കല്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല സ്കൂള്‍ കലോത്സവമെന്നറിയപ്പെടുന്ന മലപ്പുറം ജില്ല സ്കൂള്‍ കലോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കും.
293 ഇനങ്ങളിലായി 4437 മത്സരങ്ങളില്‍ 10354 മത്സരാർഥികളാണ് പങ്കെടുക്കുക. ഇതില്‍ 450 വിദ്യാർഥികള്‍ അപ്പീല്‍ വഴിയാണ് മത്സരിക്കുന്നത്. തസ്രാക്ക്, ചിലമ്പൊലി, പാദമുദ്ര, മോഹനം, ബൈത്തില്ല, ശാകുന്തളം, തേനിശല്, ചാരുകേശി, മൊസാര്‍ട്ട്, മിര്‍ താകിമിര്, മെഹ്ഫില്‍, ദര്‍ബാരി, ഗാലിബ്, കുമ്മാട്ടി, ഭവപ്രകാശ, ബിലഹരി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേരിട്ടിരിക്കുന്നത്.
രചനാ മത്സരങ്ങള്‍ എടരിക്കോട് പി.കെ.എം.എം സ്കൂളിലും ബാന്‍ഡ് മേളം ക്ലാരി ഗവ. യു.പി സ്കൂളിലുമാണ് നടക്കുക. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിച്ച് രാത്രി 10ഓടെ അവസാനിക്കും.
ഞായറാഴ്ച കേരളനടനം, ഓട്ടന്‍തുളളല്‍, ചാകാര്കൂത്ത്, പൂരക്കളി, പരിചമുട്ട്, കഥാരചനകൾ എന്നിങ്ങനെ 106 ഇനങ്ങളിലാണ് മത്സരങ്ങള്‍. തിങ്കളാഴ്ച ഏഴ് സ്റ്റേജിതരമത്സരങ്ങള്‍ മാത്രമാണുളളത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ഉദ്ഘാടന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം എട്ടിന് വൈകുന്നേരം ഏഴിന് നടക്കും. രാജാസ് സ്കൂളില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കലോത്സവ കമ്മിറ്റി ചെയര്മാന് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഡി.ഡി.ഇ രമേഷ് കുമാര്‍, കോട്ടക്കല്‍ നഗരസഭ നിയുക്ത ചെയര്പേഴ്സൻ ഡോ. ഹനീഷ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍, കൗണ്‍സിലര്‍ സനില പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് സാജിദ മങ്ങാട്ടില്‍, പ്രിന്‍സിപ്പല്‍മാരായ പി.ആര്. സുജാത, മുഹമ്മദ് ഷാഫി, പ്രധാനധ്യാപകന് കെ.വി. രാജന്, വിവിധ കണ്‍വീനര്‍മാരായ എം. ജാഫര്‍, മനോജ് കുമാര്‍, സി. ഷാഹിര്‍, അബ്ദുല്‍ അസീസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.