ആയുർവേദ ഡോക്ടറായി ആൾമാറാട്ടം; മോഷണം പതിവാക്കിയ പ്രതി പിടിയിൽ
text_fieldsകോട്ടക്കൽ: ആയുർവേദ ഡോക്ടർ എന്ന വ്യാജേന അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവ് കോട്ടക്കലിൽ അറസ്റ്റിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശി പനങ്ങാടൻ അബ്ദുൽ റഷീദാണ് (36) അറസ്റ്റിലായത്. ആരോഗ്യവകുപ്പിൽനിന്നാണെന്നും ഡോക്ടർ ആണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. അന്തർസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ച ശേഷം ഇവർ ഇല്ലാത്ത സമയത്തും വിശ്രമ സമയത്തും മുറിയിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു മൊബൈൽ ഫോണും പണവും അപഹരിച്ചിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് പുത്തൂർ റോഡിന് സമീപം തൊഴിലാളികളുടെ വാടക കെട്ടിടത്തിൽനിന്ന് 35,000 രൂപയും ഫോണും മോഷണം പോയിരുന്നു. സംശയം തോന്നിയ തൊഴിലാളികൾ റൂമിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതോടെയാണ് അന്വേഷണം റഷീദിലേക്ക് എത്തിയത്.
പരാതി ലഭിച്ചതോടെ പൊലീസ് ഇയാളുടെ ഫോട്ടോ ശേഖരിച്ച് വിവിധ ഭാഗങ്ങളിലെ തൊഴിലാളികൾക്ക് അയച്ചുകൊടുത്തു. സമാനമായ തട്ടിപ്പിന് കോട്ടക്കൽ സ്മാർട്ട് ട്രേഡ് സിറ്റി പരിസരത്ത് എത്തിയ റഷീദിനെ പിടികൂടുകയായിരുന്നു. കോട്ടക്കലിലും സമീപ സ്ഥലങ്ങളിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. നിലമ്പൂർ, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്ക് സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വളാഞ്ചേരിയിൽ ലോഡ്ജിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടക്കൽ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ കെ. അജിത്, ജി.എസ്.ഐ സുഗീഷ്, പൊലീസുകാരായ സുജിത്ത്, സെബാസ്റ്റ്യൻ, ശരൺ, സജി അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.